കടല്‍ക്കൊല കേസില്‍ സുവ നിലനിര്‍ത്തും; വധശിക്ഷ ഒഴിവാക്കും

ബുധന്‍, 5 ഫെബ്രുവരി 2014 (15:52 IST)
PRO
PRO
കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ മറീനുകള്‍ക്കെതിരേ സുവ നിയമം നിലനിര്‍ത്താന്‍ നിര്‍ദ്ദേശം. അതേസമയം വധശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകള്‍ ഒഴിവാക്കാനാണ് തീരുമാനം. അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതിയുമായി വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ.

മറീനുകള്‍ക്കെതിരെ സുവ നിയമം ചുമത്തുന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനമറിയിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്നത്. ആഭ്യന്ത്രമന്ത്രാലയത്തിലെയും വിദേശകാര്യമന്ത്രാലയത്തിലെയും നിയമമന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതിയാണ് പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്.

കുറ്റപത്രത്തില്‍ സുവ നിയമം നിലനിര്‍ത്തിക്കൊണ്ടുതന്നെ വധശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകള്‍ ഒഴിവാക്കാമെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചെങ്കിലും വിചാരണയ്ക്കിടെ മറീനുകളുടെ വധശിക്ഷ ആവശ്യപ്പെടേണ്ടതില്ലെന്നും വിവിധ മന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണയിലെത്തി.

സുവയ്ക്കൊപ്പം ഐപിസി പ്രകാരമുള്ള വകുപ്പുകളും ചുമത്തുമെന്നതിനാല്‍ കുറ്റപത്രത്തില്‍ നിന്ന് സുവ ഒഴിവാക്കാനാവില്ലെന്ന് എജി അറിയിച്ചു. നേരത്തേ വധശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തി മറീനുകളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരമന്ത്രാലയം എന്‍ഐഎയ്ക്ക് അനുമതി നല്‍കിയിരുന്നുവെങ്കിലും വിദേശകാര്യ മന്ത്രാലയത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നു തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു.

മറീനുകള്‍ക്കെതിരെ വധശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി വിചാരണ ചെയ്യുന്നത് ഇന്ത്യ നല്‍കിയ ഉറപ്പിനു വിരുദ്ധമാണെന്നായിരുന്നു ഇറ്റലിയുടെ നിലപാട്. അതേസമയം, മറീനുകള്‍ക്കുമേല്‍ സുവ ചുമത്തുന്നതിനെതിരെ ഇറ്റലി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.

വെബ്ദുനിയ വായിക്കുക