ഓണ്‍ലൈൻ വഴി നക്ഷത്ര ആമകളെ വിൽക്കാൻ ശ്രമം: പത്തൊന്‍പതുകാരൻ അറസ്റ്റില്‍
വെള്ളി, 17 ജൂണ്‍ 2016 (17:00 IST)
ഓണ്‍ലൈൻ വഴി വസ്തുക്കള്‍ വിൽക്കാനുള്ള വെബ്സൈറ്റായ ഒ എൽ എക്സിലൂടെ നക്ഷത്ര ആമകളെ വിൽക്കാൻ ശ്രമിച്ച പത്തൊന്‍പതുകാരൻ അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ വികാസ്പൂർ സ്വദേശിയായ മോഹിത് ഗർഗ് എന്ന യുവാവാണ് അറസ്റ്റിലായത്.
ഒരുകൂട്ടം ഇന്ത്യൻ നക്ഷത്ര ആമകൾ വിൽക്കാനുണ്ടെന്ന് കാണിച്ചാണ് ഇയാൾ വെബ്സൈറ്റിൽ പരസ്യം നൽകിയത്. ഈ പരസ്യം ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് ആമകളെ ഇയാളുടെ പക്കൽ നിന്നും പിടികൂടുകയും ചെയ്തു.
ഓൺലൈൻ വഴി ഇത്തരം ജീവികളുടെ കടത്ത് വ്യാപകമായിട്ടുണ്ടെന്നും ഇത് വിൽക്കുന്നതിന്റെ പ്രത്യാഘാതം സംബന്ധിച്ച് കമ്പനിക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് വനംവകുപ്പ് ഉദ്യോഗസ്ഥനായ ധനഞ്ജയ് മോഹൻ വ്യക്തമാക്കി.
2011 മുതൽ 250 നക്ഷത്ര ആമകളെയും ഇതേ വിഭാഗത്തിൽപെട്ട ഇരുതല മൂരി, പെരുമ്പാമ്പ്, ഉടുമ്പ് എന്നിവയെയും പിടികൂടിയിരുന്നു. ആഗോള തലത്തിൽ നല്ല മൂല്യമുള്ള ഇവയെ കൈവശം വെക്കുന്നത് ഇന്ത്യയിൽ തടവു ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ്.