ഒളിജീവിതം കഴിഞ്ഞു; രാഹുല്‍ തകര്‍ക്കുമോ എന്ന് കാത്തിരുന്ന് കാണാം

ജോയ്‌സ് ജോയ്

വ്യാഴം, 16 ഏപ്രില്‍ 2015 (17:20 IST)
കോണ്‍ഗ്രസിന് തങ്ങളുടെ നേതാവിനെ ഏറ്റവും അത്യാവശ്യമായി വന്ന സമയത്താണ് രാഹുല്‍ ഗാന്ധി തികച്ചും നിരുത്തരവാദപരമായി പെരുമാറിയത്. വലിയ സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും മോഡി സര്‍ക്കാരിനെതിരെ സമരപരിപാടികള്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരിക്കെ ആയിരുന്നു ആ മുങ്ങല്‍. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി തോല്‍വി മാത്രം ഏറ്റുവാങ്ങി പാര്‍ട്ടി നിര്‍ണായകഘട്ടത്തിലേക്ക് കടന്ന സമയത്താണ് രാഹുല്‍ ഗാന്ധി സജീവരാഷ്‌ട്രീയത്തില്‍ നിന്ന് രണ്ട് ആഴ്ചത്തേക്ക് അവധി എടുത്ത് മുങ്ങിയത്. പിന്നെ, പൊങ്ങിയത് രണ്ടു മാസം കഴിഞ്ഞ്.

ആദ്യം ഇന്ത്യയില്‍ ഉണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് വിദേശ രാജ്യങ്ങളിലാണെന്ന് റിപ്പോര്‍ട്ട് വന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന്റെ ക്ഷീണം മാറും മുമ്പു തന്നെ തലസ്ഥാന നഗരിയില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റൊന്നും ലഭിക്കാതെ കോണ്‍ഗ്രസ് പൂജ്യമായതും രാഹുലിനെ വിഷമവൃത്തത്തിലാക്കിയിരുന്നു. 
 
തുടര്‍ന്ന്, പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധി രാജ്യം വിട്ടത്. ചുരുക്കത്തില്‍, പ്രതിസന്ധികളുടെ ഒരു കാലഘട്ടത്തില്‍ കോണ്‍ഗ്രസ് കുടുംബത്തെ സങ്കടക്കടലിലാക്കി രാഹുല്‍ നാടു വിടുകയായിരുന്നു. ബജറ്റിന്മേല്‍ നടന്ന ചര്‍ച്ചയില്‍ നാഥനില്ലാതെ കോണ്‍ഗ്രസിന് പങ്കെടുക്കേണ്ടി വന്നു.
 
പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധങ്ങള്‍ക്കിടയിലും ഭൂമിയേറ്റെടുക്കല്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കി. സര്‍ക്കാര്‍ കൊണ്ടുവന്ന പതിനൊന്ന് ഭേദഗതികളോടെയാണ് ബില്‍ പാസ്സാക്കിയത്. ബില്ലില്‍ 52 ഭേദഗതികള്‍ പ്രതിപക്ഷം കൊണ്ടുവന്നെങ്കിലും ഇവയൊന്നും തന്നെ സഭയില്‍ പാസ്സായില്ല. ബില്‍ പാസാക്കുന്നത് തടയാന്‍ കഴിഞ്ഞില്ലെങ്കിലും ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ ഞായറാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകറാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. തന്റെ അജ്ഞാതവാസത്തെക്കുറിച്ച് ഞായറാഴ്ച രാഹുല്‍ വിശദീകരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍, സ്വകാര്യത എത്ര വലുതാണെന്ന് പറഞ്ഞാലും, രാഹുല്‍ ഗാന്ധിയെ പോലുള്ള ഒരാളുടെ ഒളിവാസം നിരവധി അഭ്യൂഹങ്ങള്‍ക്കും സങ്കല്പകഥകള്‍ക്കും ഇടവെച്ചേക്കും.
 
രാഹുല്‍ ഗാന്ധിയുടെ അജ്ഞാതവാസം കോണ്‍ഗ്രസിനെ തന്നെ രണ്ടു ചേരിയായി തിരിച്ചു എന്നുള്ളതാണ് സത്യം. അമരീന്ദര്‍ സിംഗ്, ഷീല ദീക്ഷിത്, മണിശങ്കര്‍ അയ്യര്‍ എന്നിവര്‍ രാഹുലിന്റെ ഒളിവാസത്തെ രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ ദിഗ്‌വിജയ് സിംഗും പി സി ചാക്കോയുമാണ് രാഹുലിനെ അനുകൂലിച്ച് രംഗത്തെത്തിയത്. രാഹുലിന് പാര്‍ട്ടിയുടെ മുഴുവന്‍ ഉത്തരവാദിത്തവും നല്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ദിഗ്‌വിജയ് സിംഗ് പറഞ്ഞപ്പോള്‍ ഒരാളുടെ സ്വകാര്യത മാനിക്കണമെന്നായിരുന്നു രാഹുലിന്റെ ഒളിവാസത്തെക്കുറിച്ച് പി സി ചാക്കോയുടെ കമന്റ്. യൂത്ത് കോണ്‍ഗ്രസിലും ചിലര്‍ രാഹുലിനെതിരെ തലപൊക്കി. എസ് പി ജി (സെപ്ഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) ഇല്ലാതെയായിരുന്നു രാഹുലിന്റെ രണ്ടുമാസക്കാലത്തെ അജ്ഞാതവാസമെന്നതും ശ്രദ്ധേയമാണ്.
 
ഇതിനിടയില്‍ രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ അദ്ദേഹത്തെ കാണുന്നില്ല എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റര്‍ പ്രചരിച്ചതും ശ്രദ്ധേയമായി. എവിടെക്കാണ് രാഹുല്‍ പോയതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും രാഹുല്‍ എവിടെ പോയെന്ന് സന്ദേശമോ കത്തുകളോ ഇല്ലെന്നുമായിരുന്നു ഒരു പോസ്റ്റര്‍. അമേഠി ലോക്സഭ മണ്ഡലത്തിലെ ജനങ്ങളുടെ പേരിലാണ് പോസ്റ്റര്‍ കത്ത് തയ്യാറാക്കിയിരിക്കുന്നത്. 
 
ഇതുകൂടാതെ, അമേഠി മണ്ഡലത്തിന് അനുവദിച്ച രാഹുലിന്റെ വളരെ പ്രിയപ്പെട്ട ഒരു ഭക്‌ഷ്യപദ്ധതി കേന്ദ്രസര്‍ക്കാര്‍ റദ്ദു ചെയ്യുകയും ചെയ്തു. അവസാനതിയതി കഴിഞ്ഞിട്ടും ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതില്‍ വീഴ്ച വരുത്തിയതാണ് ഭക്‌ഷ്യപദ്ധതി നഷ്‌ടമാകാന്‍ കാരണമായത്.  2013 ഒക്‌ടോബറില്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത പദ്ധതിയായിരുന്നു ഇത്. ഈ പദ്ധതി സാധ്യമായിരുന്നെങ്കില്‍ 40, 000ത്തോളം ആളുകള്‍ക്ക് ജോലി നല്കുന്നതിന് കഴിയുമായിരുന്നു.
 
അജ്ഞാതവാസക്കാലത്തിനിടയ്ക്ക് രാഹുലിന് സംഭവിച്ച പ്രധാന നഷ്‌ടങ്ങളില്‍ ഒന്നായിരിക്കും ഇത്. ഏറ്റവും കൂടുതല്‍ അദ്ധ്വാനിക്കുന്നതും എന്നാല്‍ ഏറ്റവും കുറവ് ലഭിക്കുന്നതും കര്‍ഷകര്‍ക്ക് ആണെന്നും അതിനാലാണ് ഇങ്ങനെയൊരു പദ്ധതി ആരംഭിക്കുന്നതെന്നുമായിരുന്നു പദ്ധതിയെക്കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്. അതാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.
ഇതിനിടയിലാണ്, കല്‍ക്കരിപ്പാടം കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതി ചേര്‍ക്കപ്പെട്ടത്. രാഹുലിന്റെ അസാന്നിധ്യത്തില്‍ പൂര്‍ണ കരുത്ത് പ്രാപിച്ച സോണിയ ഗാന്ധി എ കെ ആന്റണി അടക്കമുള്ള നേതാക്കള്‍ക്കൊപ്പം മന്‍മോഹന്‍ സിംഗിന്റെ വീട്ടിലെത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ച്ച് ആയിട്ടായിരുന്നു സിംഗിന് പിന്തുണ അറിയിക്കാന്‍ എത്തിയത്.
 
അസുഖം മൂലമോ മറ്റോ രാഷ്‌ട്രീയത്തില്‍ നിന്ന് ഇതിനു മുമ്പും നേതാക്കള്‍ മാറിനിന്നിട്ടുണ്ട്. ജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതുമാണ് ഇന്ത്യന്‍ രാഷ്‌ട്രീയ സംസ്കാരം. എന്നാല്‍, രാഹുലിന്റെ അജ്ഞാതവാസത്തോടെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിനും ഒരു ‘ഫോറിന്‍ ടച്ച്’ വന്നിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ഒളിവില്‍ പോയി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്‌മിര്‍ പുടിനെ കാണാതായതും വാര്‍ത്തയായിരുന്നു. ഇതിനിടെ, മോഡിയുടെ വ്യക്തിപ്രഭാവത്തില്‍ അസ്വസ്ഥനായാണ് രാഹുല്‍ ഒളിവാസത്തിനു പോയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതുകൊണ്ടു തന്നെ, മാനസികമായും ശാരീരികമായും ഒരു പുതിയ രാഹുല്‍ ഗാന്ധിയായിരിക്കും ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഇനി ഉണ്ടാകുക എന്ന് പ്രതീക്ഷീക്കുന്നവരും വളരെയേറയാണ്.
 
രണ്ട് ആഴ്ചത്തെ അവധി എടുത്ത് രണ്ടുമാസത്തേക്ക് രാഹുല്‍ ഗാന്ധി മുങ്ങിയത് കോണ്‍ഗ്രസിന് രാഷ്‌ട്രീയലോകത്തില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തി ഇരിക്കുകയാണ്. അതിനെ മറികടക്കുക എന്നുള്ളതാണ് കോണ്‍ഗ്രസിനെ ഇനി കാത്തിരിക്കുന്നത്. പുതിയ സമരതന്ത്രങ്ങളും രാഷ്‌ട്രീയപരിപാടികളുമായി കൂടുതല്‍ ശക്തമായി രാഹുല്‍ കോണ്‍ഗ്രസിനെ നയിക്കുമെന്നാണ് അനുകൂലിക്കുന്നവരെങ്കിലും പ്രതീക്ഷിക്കുന്നത്. അത് അങ്ങനെയായാല്‍ കോണ്‍ഗ്രസിന് കൊള്ളാം, ഇല്ലെങ്കില്‍ കോണ്‍ഗ്രസ് കൊള്ളും !
 
വാല്‍ക്കഷണം: രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ സംഭവിച്ച ഒരു നല്ല കാര്യം, തമിഴ്നാട് കോണ്‍ഗ്രസിന് ഒരു പുതിയ വക്താവിനെ കിട്ടി എന്നതാണ് - ഖുശ്‌ബുവിനെ.

വെബ്ദുനിയ വായിക്കുക