ഒറീസയില്‍ ഫെബ്രുവരി 15 ന് നയാഗഡില്‍ പൊലീസ് സ്‌റ്റേഷനുകള്‍ക്കും പരിശീലന കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയ നക്‍സലൈറ്റുകളിലെ രണ്ട് പേരെ സുരക്ഷാ സേന പിടികൂടി. കണ്ഡമല്‍ ഗജ്ഞം വനാതിര്‍ത്തിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
അതേസമയം ആക്രമണത്തില്‍ പരുക്കേറ്റ ഒരു പൊലീസുകാരന്‍ വ്യാഴാഴ്‌ച മരിച്ചു. ഇതോടെ മൊത്തം മരണ സംഖ്യ 16 ആയി.
500 ലധികം നക്‍സലൈറ്റുകളാണ് പൊലീസ് സ്‌റ്റേഷനുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. എകെ-47, ഐഎന്‍എസ് ഓട്ടോമാറ്റിക് തോക്കുകള്‍ തുടങ്ങിയ ഇന്ത്യന്‍ കരസേന ഉപയോഗിക്കുന്ന അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 2004 ല്‍ നൂറുകണക്കിന് നക്സലൈറ്റുകള്‍ കോരാപ്പുട്ട് ജില്ലയിലുള്ള അഞ്ചു പൊലീസ് സ്‌റ്റേഷനുകള്‍ക്ക് നേരെ കനത്ത ആക്രമണം നടത്തിയിരുന്നു.
ഇടതുപക്ഷ നക്‍സലൈറ്റുകളെ നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഒറീസയിലെ എന്‍.ഡി.എ സര്‍ക്കാര്‍ ആരോപിച്ചിരുന്നു.