ഒറീസയെ മറക്കാം, ഇനി ‘ഒഡീഷ’ മാത്രം

വ്യാഴം, 24 മാര്‍ച്ച് 2011 (17:45 IST)
PRO
ഒറീസ എന്ന പേരിലുള്ള ഒരു സംസ്ഥാനത്തെ കുറിച്ച് വരും തലമുറയ്ക്ക് ഇനി കേട്ടുകേഴ്വി മാത്രമേ ഉണ്ടാവൂ. ഒറീസയുടെ പേര് ‘ഒഡീഷ’ എന്ന് മാറ്റുന്ന ബില്ലിന് രാജ്യസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി.

ഒറിയ ഭാഷയുടെ പേര് ‘ഒഡിയ’ എന്നാക്കുന്ന ഭരണഘടനാ ഭേദഗതിക്കും രാജ്യസഭ അംഗീകാ‍രം നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരമാണ് ബില്ലുകള്‍ അവതരിപ്പിച്ചത്. 2010 നവംബറിലാണ് പേരുമാറ്റം സംബന്ധിച്ച ബില്ലുകള്‍ ലോക്സഭ പാസാക്കിയത്.

2008 ഓഗസ്റ്റ് 26 ന് ഒറീസ നിയമസഭ പാസാക്കിയ പ്രമേയങ്ങള്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് അയയ്ക്കുകയായിരുന്നു. ബില്ലുകള്‍ ലോക്സഭയിലും രാജ്യസഭയിലും എതിരില്ലാതെ പാസാക്കുകയായിരുന്നു.

ഇന്ത്യയില്‍ നഗരങ്ങളുടെ പേരുകള്‍ ഇത്തരത്തില്‍ മാറ്റിയിട്ടുണ്ട് എങ്കിലും ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ പേരും ഭാഷയുടെ പേരും മാറ്റുന്നത്. നേരത്തെ, മദ്രാസ് ചെന്നൈ ആയും ബോംബെ മുംബൈ ആയും കല്‍ക്കട്ട കൊല്‍ക്കത്തയായും ബാംഗ്ലൂര്‍ ബംഗലൂരു ആയും പേരുമാറ്റം നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക