ഒരൊറ്റ ട്വീറ്റ് മതി, ചാനല്‍ മാറ്റാന്‍!

വെള്ളി, 11 ഒക്‌ടോബര്‍ 2013 (12:11 IST)
PRO
PRO
ഒരൊറ്റ ട്വീറ്റ് മതി, ചാനല്‍ മാറ്റാന്‍. അതെ, ടിവി ചാനല്‍ മാറ്റാന്‍ ഇനി ടിവി റിമോട് വേണ്ട, ഒരു ട്വീറ്റ് അയച്ചാല്‍ മതി. ടിവി ചാനല്‍ മാറിക്കൊള്ളും. അമേരിക്കയിലെ കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പായ കോംകാസ്റ്റിന്റെ എന്‍ബിസി യൂണിവേഴ്‌സലുമായി സഹകരിച്ചാണ് ട്വീറ്റിലൂടെ ടിവി ചാനല്‍ മാറ്റാനുള്ള സൗകര്യം ട്വിറ്റര്‍ ഒരുക്കിയിരിക്കുന്നത്. യുഎസ് ടിവി പ്രേഷകര്‍ക്കാണ് നിലവില്‍ ഈ സൗകര്യം ലഭ്യമാകുക. സീ ഇറ്റ് എന്ന പുതിയ ബട്ടണ്‍ ട്വീറ്റുമായി സംയോജിപ്പിച്ചാണ് ഈ സൗകര്യം ട്വിറ്റര്‍ ഒരുക്കിയിരിക്കുന്നത്.

ഇതുകൂടാതെ ട്വിറ്ററിലൂടെ ടിവി പ്രോഗ്രാമുകള്‍ കാണാനുള്ള സൗകര്യവും കോംകാസ്റ്റുമായി സഹകരിച്ച് ട്വിറ്റര്‍ നടപ്പാക്കിയിട്ടുണ്ട്. വൈകാതെ മറ്റ് ടിവി നെറ്റ് വര്‍ക്കുകളിലും ഈ സൗകര്യങ്ങള്‍ ലഭ്യമാക്കാനാണ് ട്വിറ്റര്‍ നീക്കം. ട്വീറ്റിലൂടെ ടിവി ചാനല്‍ മാറ്റാനുള്ള സൗകര്യം എക്‌സ്ഫിനിറ്റി ടിവി സര്‍വീസ് വരിക്കാര്‍ക്കാണ് ലഭിക്കുകയെന്ന് കോംകാസ്റ്റ് അറിയിച്ചു.

ഓരോ ദിവസവും ടിവി പ്രോഗ്രാമുകളെക്കുറിച്ചുള്ള സംവാദങ്ങള്‍ക്കുള്ള ഇടമായി ട്വിറ്റര്‍ മാറുന്നുണ്ട്. ഇത്തരം സംവാദങ്ങള്‍ നടക്കുന്നത് ടിവി പ്രോഗ്രാമുകള്‍ സംപ്രേഷണം ചെയ്യുന്ന സമയങ്ങളിലാണ്. ഈ പശ്ചാത്തലത്തിലാണ് ട്വീറ്റിലൂടെ ടിവി ചാനല്‍ മാറ്റാനുള്ള സൗകര്യം കോംകാസ്റ്റുമായി സഹകരിച്ച് ഒരുക്കിയിരിയ്ക്കുന്നത്.

വെബ്ദുനിയ വായിക്കുക