ഒരു രൂപക്കും, അഞ്ചു രൂപക്കും, 12 രൂപക്കും ഭക്ഷണം കഴിക്കാം- പറയുന്നത് കോണ്‍ഗ്രസ് നേതാക്കള്‍

വെള്ളി, 26 ജൂലൈ 2013 (15:27 IST)
PRO
മുംബൈ തെരുവുകളില്‍ പന്ത്രണ്ടു രൂപക്ക് സുഖമായി ഒരു നേരത്തെ ഭക്ഷണം കിട്ടുമെന്ന് ഒരു നേതാവും. എന്നാല്‍ ഡല്‍ഹി ജുമാ മസ്ജിദ് പ്രദേശത്ത് അഞ്ച് രൂപയേ ഉള്ളുവെന്നും പറഞ്ഞ് മറ്റൊരു കോണ്‍ഗ്രസ് നേതാവും പാവങ്ങളെ ഞെട്ടിച്ചതിനു പിന്നാലെ ഒരു രൂപയ്ക്ക് വയറു നിറയ്ക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി ഒരു കേന്ദ്രമന്ത്രിയും രംഗത്തെത്തി.

നിങ്ങള്‍ക്ക് വേണമെന്നുവച്ചാല്‍ ഇന്ത്യയില്‍ ഒരു രൂപയ്ക്കും നൂറു രൂപയ്ക്കും ഭക്ഷണം കഴിക്കാം. അത് എവിടെനിന്ന് ആണെന്ന കാര്യത്തിലാണ് വ്യത്യാസം​- മന്ത്രി ഫറൂഖ് അബ്ദുള്ള പറഞ്ഞു. നന്നായി ഭക്ഷണം കഴിച്ച് ആരോഗ്യം നിലനിര്‍ത്താനായി ഇന്ത്യയിലെ ദരിദ്രരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് വക്താവ് രാജ് ബബ്ബാറാണ് മുംബൈയില്‍ 12 രൂപയ്ക്ക് ഊണുകഴിക്കാമെന്ന് അവകാശപ്പെട്ടത്. തൊട്ടുപിന്നാലെ റഷീദ് മസൂദ് എം പി പറഞ്ഞത് അഞ്ചു രൂപയ്ക്ക് ഡല്‍ഹി ജുമാ മസ്ജിദ് പ്രദേശത്തുനിന്ന് ഒരു നേരത്തെ ഭക്ഷണം ലഭിക്കുമെന്നാണ്.

12 രൂപയുടെ കണക്ക് രാജ് ബബ്ബര്‍ പറഞ്ഞപ്പോള്‍ ബിജെപി നേതാവ് വരുണ്‍ഗാന്ധി അതിനെ നേരിട്ടത് 12 രൂപയ്ക്ക് ഭക്ഷണം കിട്ടുന്ന ഒരേയൊരു സ്ഥലം പാര്‍ലമെന്റ് കാന്റീന്‍ മാത്രമാണെന്ന് പറഞ്ഞാണ്. പാവങ്ങളെ പരിഹസിക്കുകയാണ് കോണ്‍ഗ്രസെന്ന് ശിവസേന കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക