ഒരു മാസത്തെ പരോള്‍ കഴിഞ്ഞു; സഞ്ജയ് ദത്ത് വീണ്ടും ജയിലിലേക്ക്

ബുധന്‍, 30 ഒക്‌ടോബര്‍ 2013 (18:09 IST)
PRO
PRO
ഒരു മാസത്തെ പരോളിന് ശേഷം ബോളിവുഡ് താരം സഞ്ജയ് ദത്ത് വീണ്ടും ജയിലിലേക്ക്. ബാന്ദ്രയിലെ വസതിയില്‍ നിന്ന് രാവിലെയാണ് സഞ്ജയ് ജയിലിലേക്ക് തിരിച്ചത്.

1994ലെ ബോംബെ സ്ഫോടന കേസില്‍ ആയുധം കൈവശം വെച്ചതിന് തടവുശിക്ഷ അനുഭവിക്കുന്ന സഞ്ജയ് ദത്തിന് ആരോഗ്യകാരണങ്ങള്‍ പരിഗണിച്ചാണ് പുനെ യെര്‍വാദ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ പരോള്‍ അനുവദിച്ചത്. ചികിത്സക്കായി ഒരു മാസത്തെ പരോള്‍ ആവശ്യപ്പെട്ട് ആഗസ്റ്റില്‍ സഞ്ജയ് ദത്ത് അപേക്ഷ സമര്‍പ്പിച്ചിക്കുകയായിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് ജയില്‍ അധികൃതര്‍ രണ്ടാഴ്ചത്തെ പരോള്‍ അനുവദിച്ചത്. തുടര്‍ന്ന് രണ്ടാഴ്ച കൂടി പരോള്‍ നീട്ടികൊടുക്കുകയായിരുന്നു. പരോളില്‍ കാലില്‍ രക്തം കട്ടിയാവുന്ന രോഗത്തിനുള്ള ചികിത്സയാണ് നടന്നത്.

എ.കെ56 തോക്കും ഗ്രനേഡുകളും കൈവശംവെച്ചതിന് ആയുധ നിയമപ്രകാരം ആറുവര്‍ഷം തടവാണ് മുംബൈയിലെ പ്രത്യേക ടാഡ കോടതി ദത്തിന് വിധിച്ചത്. സുപ്രീംകോടതി ശിക്ഷ അഞ്ചുവര്‍ഷമായി കുറച്ചു. വിചാരണ സമയത്ത് ഒന്നരവര്‍ഷം തടവില്‍ കഴിഞ്ഞ ദത്തിന് ഇനി മൂന്നര വര്‍ഷം തടവ് ബാക്കിയുണ്ട്.

വെബ്ദുനിയ വായിക്കുക