സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരാണ് പൊതുവെ സമൂഹവിവാഹത്തിന് തയ്യാറാകുന്നത്. എന്നാല്‍ ഇവിടെ ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ സമൂഹ വിവാഹപ്പന്തലില്‍ താലിചാര്‍ത്തി മാതൃകയായി. ഗുജറാത്തിലെ നര്‍മ്മദാ ജില്ലയിലെ ഡെപ്യൂട്ടി കളക്ടര്‍ വിജയ് ഖരാടിയാണ് ഭിലോദയില്‍ നടന്ന സമൂഹവിവാഹ ചടങ്ങില്‍ വിവാഹിതനായത്.
സബര്‍കാന്ത ജില്ലയിലെ ഖേദ്ബ്രമ സ്വദേശിയായ വിജയ് ഖരാടി(28) വിജയനഗര സ്വദേശിയായ സീമ ഗരാസിയയെ(22) അക്ഷയതൃതിയ നാളില്‍ വിവാഹം കഴിച്ചത്. ഇരുവരും ആദിവാസി വിഭാഗക്കാരാണ്.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ എഴുപത്തിരണ്ടാം റാങ്കുകാരനാണ് വിജയ്. തന്റെ വിവാഹം ലളിതമായ രീതിയില്‍ നടത്തണം എന്ന ആഗ്രഹക്കാരനായിരുന്നു അദ്ദേഹം. ആദിവാസി വിഭാഗമായ ദുംഗ്രി ഗരാസിയ സംഘടിപ്പിച്ച സമൂഹവിവാഹ ചടങ്ങില്‍ തനിക്കും വിവാഹം കഴിക്കണമെന്ന ആഗ്രഹം വിജയ് വീട്ടുകാരെ അറിയിച്ചു. അവര്‍ സമ്മതം മൂളി. വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചത്.