ജാമ്യം ലഭിച്ച് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മുന്‍ ടെലികോം മന്ത്രി എ രാജയ്ക്ക് ഡി എം കെ പ്രവര്‍ത്തകരും ഒപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ബുധനാഴ്ച ലോക്സഭാ നടപടികളില്‍ പങ്കെടുക്കാനെത്തിയ രാജ സന്തോഷവാനായാണ് കാണപ്പെട്ടത്. എന്നാല്‍ ഈ സന്തോഷത്തിന് ഏറെ ആയുസ്സില്ലെന്നും രാജ വീണ്ടു ജയിലിലേക്ക് തന്നെ മടങ്ങേണ്ടിവരും എന്നുമാണ് സി ബി ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
രാജയ്ക്കെതിരെ ഉയര്‍ന്ന് കോടികളുടെ പുതിയ കൈക്കൂലി ആരോപണമാണ് അദ്ദേഹം വീണ്ടും അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയിലേക്ക് വഴിതെളിക്കുന്നത്. സ്‌പെക്‌ട്രം അഴിമതിയില്‍ ആരോപണം നേരിടുന്ന കമ്പനികളുമായി രാജയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്നും ഇവരില്‍ നിന്ന് 200 കോടി രൂപ കൈക്കൂലി ലഭിച്ചു എന്നുമാണ് പുതുതായി ഉയര്‍ന്ന പരാതി. ഇത് ചൂണ്ടിക്കാട്ടി രാജയ്ക്ക് ജാമ്യം നല്‍കുന്നതിനെ സി ബി ഐ വിചാരണാ കോടതിയില്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. പുതിയ കേസ് ചാര്‍ജ്ജ് ചെയ്ത് രാജയെ സി ബി ഐ വീണ്ടും അറസ്റ്റ് ചെയ്തേക്കും എന്നാണ് സൂചന.
അതേസമയം രാജയെ അറസ്റ്റ് ചെയ്യാതെ തന്നെ സി ബി ഐ അദ്ദേഹത്തെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.