എ കെ ഗാംഗുലിക്കെതിരെ ക്രിമിനല്‍ നടപടികള്‍ക്കൊരുങ്ങി പൊലീസ്;‘ അഭിഭാഷക മൊഴി നല്‍കിയാല്‍ കേസെടുക്കും’
വെള്ളി, 6 ഡിസംബര്‍ 2013 (16:09 IST)
PTI
PTI
സുപ്രിംകോടതി മുന്‍ ജഡ്ജി എ കെ ഗാംഗുലിക്കെതിരെ ഡല്‍ഹി പൊലീസ് നടപടി തുടങ്ങി . ഗാംഗുലിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവഅഭിഭാഷകയോട് മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ച സമിതി ഗാംഗുലിയുടെ ഭാഗത്ത് നിന്നും ലൈംഗിക സ്വഭാവത്തോടെയുള്ള അസ്വീകാര്യമായ പെരുമാറ്റമുണ്ടായെന്ന് കണ്ടെത്തി.
എ കെ ഗാംഗുലിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിക്ക് ഇ മെയില്‍ സന്ദേശം അയച്ചാണ് മൊഴിയെടുക്കുന്ന കാര്യത്തില്‍ പോലീസ് വ്യക്തത തേടിയത്. മൊഴി നല്‍കാന്‍ യുവതി തയ്യാറാവുകയാണെങ്കില്‍ ഗാംഗുലിക്കെതിരെ ക്രിമിനല്‍ കേസ് രജിസ്ടര്‍ ചെയ്യാനാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം മൊഴിയെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഡല്‍ഹി പൊലീസ് നിയമോപദേശം തേടിയിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസുമാരായ ആര്‍ എം ലോധ, എച്ച് എല്‍ ദത്തു, രഞ്ജന ദേശായി എന്നിവരടങ്ങിയ സമിതി ഗാംഗുലിയുടെ ഭാഗത്തുനിന്ന് ലൈംഗിക സ്വഭാവത്തോടുകൂടിയുള്ള പെരുമാറ്റം ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ വിരമിച്ച ശേഷം ഉയര്‍ന്ന പരാതിയായതിനാല്‍ ജസ്റ്റിസ് ഗാംഗുലിക്കെതിരെ നടപടിയൊന്നും കൈക്കൊണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടി പരാതി നല്‍കുകയാണെങ്കില്‍ കേസുമായി മുന്നോട്ടുപോകാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചത്.