കോണ്‍ഗ്രസ് നല്കിയ എല്ലാ പദവികള്‍ക്കും നന്ദിയെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജയന്തി നടരാജന്‍. താന്‍ കോണ്‍ഗ്രസ് വിടുകയാണെന്നും അവര്‍ അറിയിച്ചു. ചെന്നൈയിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍ . തല്‍ക്കാലം വേറെ പാര്‍ട്ടിയില്‍ ചേരില്ലെന്നും അവര്‍ വ്യക്തമാക്കി.
ചില മാധ്യമങ്ങള്‍ ഇന്നു പുറത്തുവിട്ട കത്ത് തന്റേതു തന്നെയായിരുന്നെന്നും ജയന്തി നടരാജന്‍ പറഞ്ഞു. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ഉണ്ടായി. വേദാന്ത, അദാനി പ്രൊജക്ടുകള്‍ സംബന്ധിച്ച് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നടപ്പാക്കിയെന്നും ജയന്തി നടരാജന്‍ പറഞ്ഞു.
തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ദിവസമാണ് ഇന്ന്. മന്ത്രിയായിരുന്ന സമയത്ത് വലിയ പദ്ധതികളില്‍ രാഹുല്‍ ഇടപെട്ടു. രാഹുലിന്റെ ഓഫിസില്‍ നിന്ന് തുടര്‍ച്ചയായി നിര്‍ദ്ദേശങ്ങള്‍ വന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിനു വേണ്ടി എന്നു പറഞ്ഞാണ് രാജി ആവശ്യപ്പെട്ടത്. എന്നാല്‍ തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധി തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി. പിന്നീട് വക്താക്കളുടെ പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കിയെന്നും ജയന്തി നടരാജന്‍ പറഞ്ഞു.
തന്റെയും തന്റെ കുടുംബത്തിന്റെയും മാന്യത കാക്കാനാണ് രാജിവെയ്ക്കുന്നത് 1986 മുതല്‍ രാഷ്‌ട്രീയത്തില്‍ സജീവമായ തനിക്കെതിരെ ആര്‍ക്കെങ്കിലും എന്തെങ്കിലും അഴിമതി ആരോപണം ഉന്നയിക്കാന്‍ കഴിഞ്ഞാല്‍ വേണമെങ്കില്‍ വധശിക്ഷ സ്വീകരിക്കാന്‍ ഒരുക്കമാണെന്നും പത്തുവര്‍ഷം പാര്‍ട്ടിയുടെ ദേശീയവക്താവ് കൂടിയായിരുന്ന ജയന്തി പറഞ്ഞു.