ഉണ്ടായത് സുരക്ഷാ പാളിച്ച, രാജ്യമെങ്ങും ജാഗ്രതാ നിര്‍ദ്ദേശം
PRO
രാജ്യം വീണ്ടും ഭീതിയുടെ മുള്‍മുനയില്‍. മുംബൈയില്‍ മൂന്നിടത്ത് സ്ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നു. തീവ്രവാദി ആക്രമണമാണ് നടന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ആഭ്യന്തരമന്ത്രാലയം.
ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് മുന്നറിയിപ്പ് ലഭിച്ച ചില പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ചില മുന്‍കരുതലുകള്‍ രാജ്യത്ത് സ്വീകരിച്ചിരുന്നു. ജനത്തിരക്കുള്ള മാര്‍ക്കറ്റുകളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിക്കുക, പൊലീസ് കാവല്‍ ശക്തമാക്കുക, ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കുക എന്നീ തീരുമാനങ്ങളായിരുന്നു എടുത്തിരുന്നത്. എന്നാല്‍ മുംബൈയില്‍ തന്നെ ഈ സുരക്ഷാ സംവിധാനങ്ങളില്‍ പാളിച്ചയുണ്ടായിരിക്കുന്നു എന്നാണ് പുതിയ സ്ഫോടന പരമ്പര തെളിയിക്കുന്നത്.
‘റോഡ് സൈഡ് ബോംബ്’ എന്നറിയപ്പെടുന്ന ഇംപ്രൊവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ്(ഐ ഇ ഡി) ആണ് മുംബൈ സ്ഫോടന പരമ്പരയില്‍ എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്ന സ്ഫോടക വസ്തു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് മുംബൈയില്‍ കൂടുതല്‍ ഇടങ്ങളില്‍ സ്ഥാപിച്ചിരിക്കാമെന്നുള്ള ആശങ്കയില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ഡല്‍ഹി എന്നിവിടങ്ങളിലും സുരക്ഷാ പരിശോധന കര്‍ശനമാക്കി.