ഇന്ധന സമരം അവസാനിച്ചു

വെള്ളി, 9 ജനുവരി 2009 (19:50 IST)
രാജ്യമൊട്ടുക്ക് മൂന്ന് ദിവസങ്ങളായി തുടര്‍ന്ന ഇന്ധന സമരത്തിന് അവസാനമായി. ഐ‌ഒ‌സി, ഗെയ്‌ല്‍, ഒ‌എന്‍‌ജി‌സി തുടങ്ങി എല്ലാ എണ്ണ കമ്പനികളിലെയും ഉദ്യോഗസ്ഥര്‍ ഇന്നു തന്നെ ജോലിയില്‍ പ്രവേശിക്കുമെന്നാണ് സൂചന.

സമരം ചെയ്യുന്ന തൊഴിലാളികളെ എതിരെ എസ്മ, എന്‍‌എസ്‌എ തുടങ്ങിയ നിയമങ്ങള്‍ ഉപയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പണിമുടക്ക് കാരണം രാജ്യമൊട്ടാകെ സ്തംഭനാവസ്ഥയില്‍ എത്തിയിരുന്നു.

സ്ഥിതിഗതികള്‍ സാധാരണഗതിയില്‍ എത്തിക്കാന്‍ കാലതാമസം നേരിട്ടതില്‍ പെട്രോളിയം മന്ത്രി മുരളി ഡിയോറ ഖേദം പ്രകടിപ്പിച്ചു. രാജ്യതാല്‍പ്പര്യങ്ങളെ ഹനിക്കാതിരിക്കാന്‍ മറ്റുള്ള സംഘടനകളും ഇതില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്ന് സമരം പിന്‍‌വലിച്ച വാര്‍ത്ത വന്നയുടന്‍ മന്ത്രി പറഞ്ഞു.

പണിമുടക്ക് പിന്‍‌വലിച്ചാലും ഇന്ധന വിതരണം സാധാരണ നിലയിലാവാന്‍ രണ്ട് ദിവസമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. ഇതിനായി, സാധാരണ അവധി ദിവസങ്ങളായ ശനിയാഴ്ചയും ഞായറാഴ്ചയും കമ്പനികള്‍ പ്രവര്‍ത്തിക്കും.

കമ്പനികളിലെ ഉദ്യോഗസ്ഥര്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം ആരംഭിച്ചത്.

വെബ്ദുനിയ വായിക്കുക