ഇന്ത്യയുടെ ചൊവ്വപര്യവേഷണത്തിനുള്ള വിക്ഷേപണം അടുത്ത മാസം

വ്യാഴം, 12 സെപ്‌റ്റംബര്‍ 2013 (12:32 IST)
PTI
PTI
ഇന്ത്യയുടെ ചൊവ്വപര്യവേഷണത്തിനുള്ള വിക്ഷേപണം അടുത്ത മാസം നടത്തും. ഇന്ത്യയുടെ ബഹിരാകാശ പേടകത്തെ ഒക്ടോബര്‍ 21-നും നവംബര്‍ 19-നുമിടയ്ക്ക് വിക്ഷേപിക്കാനാണ് തീരുമാനം. ഐഎസ്ആര്‍ഒയുടെ ബാംഗ്ലൂരിലെ ഉപഗ്രഹകേന്ദ്രത്തില്‍ തയ്യാറാക്കുന്ന പേടകത്തെ ഈ മാസാവസാനം ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്താവളത്തിലേക്ക് കൊണ്ടുപോകും.

വിക്ഷേപണവാഹനമായ പിഎസ്എല്‍വിസി 25 എന്ന റോക്കറ്റ് ബാംഗ്ലൂരില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. ഒക്ടോബര്‍ 21-നും നവംബര്‍ 19-നുമിടയ്ക്ക് ഏത് ദിവസവും വിക്ഷേപണം നടത്താം. കാലാവസ്ഥയും മറ്റും അനുകൂലമെങ്കില്‍ ഒക്ടോബര്‍ 21-നുതന്നെ വിക്ഷേപിച്ചേക്കും.

ചൊവ്വാദൗത്യത്തിന് 450 കോടി രൂപയാണ് ചെലവായിരിക്കുന്നത്. 1,350 കിലോഗ്രാം‌മുള്ള ബഹിരാകാശപേടകത്തില്‍ വിവരങ്ങള്‍ ശേഖരിക്കാനായി അഞ്ച് പേലോഡ്‌സുമുണ്ട്. ഒമ്പതുമാസം കൊണ്ടാണ് പേടകം ചൊവ്വയെ ചുറ്റാനായി എത്തുക.

പേടകം ചൊവ്വയോട് ഏറ്റവും അടുക്കുമ്പോള്‍ ദൂരം 372-ഉം ഏറ്റവുംഅകലുമ്പോള്‍ എണ്‍പതിനായിരവും കിലോമീറ്ററുമായിരിക്കും. ഹൈഡ്രജന്റെയും അതിന്റെ വകഭേദമായ ഡ്യുറ്റേരിയത്തിന്റെയും അനുപാതം കണ്ടെത്താനാണ് ഒരു പേലോഡ്‌. ചൊവ്വയില്‍ വെള്ളമുണ്ടായിരുന്നോ എന്നറിയുന്നതിനാണ് ഇത്.

മറ്റൊരു പേലോഡ്‌ മീഥെയ്ന്‍ വാതകത്തെയാണ് തിരയുക. ജീവന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ടോ, ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന് പരിശോധിക്കാനാണ് ഇത്. അടുത്ത പേലോഡ്‌ ചൊവ്വാ ഗ്രഹത്തിന്റെയും അതിന്റെ ഉപഗ്രഹങ്ങളായ ഫോബോസിന്റെയും ഡെയ്‌മോസിന്റെയും വര്‍ണചിത്രങ്ങള്‍ എടുക്കുന്ന ക്യാമറയാണ്.

താപനിലയിലെ വ്യത്യാസങ്ങള്‍ അറിയാനുള്ള ഇന്‍ഫ്രാറെഡ് സ്‌പെക്‌ട്രോമീറ്ററാണ് ഒരു പേലോഡ്. ഐഎസ്ആര്‍ഒയുടെ ബാംഗ്ലൂരിലെ ഉപഗ്രഹകേന്ദ്രത്തില്‍ പൂര്‍ണരൂപത്തില്‍ ഘടിപ്പിക്കപ്പെട്ട പേടകത്തിന്റെ എല്ലാ ഭാഗങ്ങളും ഭൂതലത്തില്‍വെച്ച് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക