ഇന്ത്യയുടെ അതിനൂതന ചാര ഉപഗ്രഹം ഏപ്രിലില്‍

ചൊവ്വ, 13 മാര്‍ച്ച് 2012 (17:57 IST)
PRO
PRO
പൂര്‍ണ്ണമായും ഇന്ത്യന്‍ സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ് (റിസാറ്റ്-1) ഏപ്രിലില്‍ വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു. വിക്ഷേപണത്തിനായി തയ്യാറെടുക്കുന്ന റിസാറ്റ്-1 ഇപ്പോള്‍ ഐ.എസ്.ആര്‍.ഓയുടെ അന്തിമ പരിശോധനാ ഘട്ടത്തിലാണ്. ഉപഗ്രഹങ്ങളിലെ പ്രധാന ഘടകമായ സിന്തെറ്റിക് അപ്പെര്‍ച്ചര്‍ റഡാര്‍ (SAR) ഇറക്കുമതി ചെയ്‌താണ് മുന്‍ ഉപഗ്രഹങ്ങളില്‍ ഉപയോഗിച്ചിരുന്നതെങ്കില്‍, ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത SAR ആണ് റിസാറ്റില്‍ ഉപയോഗിക്കുന്നത്.

1850 കി.ഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഏതൊരു കാലാവസ്ഥയിലും രാപ്പകല്‍ ഭേദമില്ലാതെ ചിത്രങ്ങള്‍ എടുക്കാനുള്ള കഴിവുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ പ്രവചിക്കാനും, കൃഷിസംബന്ധമായ ആവശ്യങ്ങള്‍ക്കുമാണ് പ്രധാനമായും റിസാറ്റ് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കിലും ഇതിന്റെ അതീവ വ്യക്തതയുള്ള മൈക്രോവേവ് ചിത്രങ്ങള്‍ രാജ്യത്തിന്റെ പ്രതിരോധാവശ്യങ്ങള്‍ക്കും ഉപയോഗിക്കും.

റിസാറ്റ്-1, സരള്‍ എന്നീ രണ്ട് ഉപഗ്രഹങ്ങള്‍ 2011-ല്‍ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഓ ചെയര്‍മാന്‍ കെ.രാധാകൃഷ്‌ണന്‍ കഴിഞ്ഞ ഒക്‌ടോബറില്‍ അറിയിച്ചിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. അതോടൊപ്പം അസ്‌ട്രോസാറ്റ്, ആദിത്യ എന്നീ രണ്ട് ഉപഗ്രഹങ്ങള്‍ 2012-13 വര്‍ഷത്തില്‍ വിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English Summary: Chennai, March 13 (IANS) A wholly Indian-built spy/surveillance satellite - Radar Imaging Satellite (Risat-1) - that can see through clouds and fog and has very high- resolution imaging is slated for launch in April, a senior official of the Indian space agency has said.

വെബ്ദുനിയ വായിക്കുക