മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള സുപ്രധാന തെളിവുകള്‍ എഫ്‌ബിഐ ഇന്ത്യന്‍ സംഘത്തിന് കൈമാറി. തെളിവുകള്‍ക്കായി ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തുന്ന മൂന്നംഗ മുംബൈ ക്രൈംബ്രാഞ്ച് സംഘം അമേരിക്ക സന്ദര്‍ശിച്ചിരുന്നു.
മുംബൈ ആക്രമണം നടത്തിയ ഭീകരര്‍ പാകിസ്ഥാനിലുള്ള ലഷ്കര്‍-ഇ-തൊയ്ബ നേതാക്കളോട് ആശയ വിനിമയം നടത്തിയതിനുള്ള തെളിവുകളാണ് ഇന്ത്യ എഫ്‌ബിഐയുടെ സഹായത്തോടെ നേടിയത്. കൃത്യതയുള്ള തെളിവുകള്‍ ലഭിച്ചതോടെ പാകിസ്ഥാന് മുംബൈ ഭീകരാക്രാമണത്തിനുള്ള ഗൂഡാലോചന സ്വന്തം രാജ്യത്ത് വച്ച് മാത്രമല്ല നടന്നത് എന്ന വാദമുഖത്തില്‍ നിന്ന് പിന്‍മാറേണ്ടി വരും.
വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍ (വോയ്സ് ഐപി) സംവിധാനത്തിലൂടെ ഭീകരര്‍ നടത്തിയ ആശയവിനിമയം, കറാച്ചിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയില്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം ഉപയോഗിച്ചത് തുടങ്ങിയവയ്ക്കുള്ള തെളിവുകളും മുംബൈയില്‍ നിന്ന് ലഭിച്ച വെടിയുണ്ടകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും എഫ്‌ബിഐ ഇന്ത്യയ്ക്ക് കൈമാറിയതായിട്ടാണ് സൂചന.
മുംബൈ പൊലീസില്‍ നിന്നുള്ള ഐജി ദേവന്‍ ഭാര്‍തിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് എഫ്ബിഐയുടെ പക്കല്‍ നിന്നും തെളിവുകള്‍ ശേഖരിക്കാന്‍ അമേരിക്ക സന്ദര്‍ശിച്ചത്.