ഇന്ത്യന്‍ ഡ്രൈവറെ ആക്രമിച്ചതിന് 3 മാസം തടവ്

വെള്ളി, 15 ജനുവരി 2010 (13:02 IST)
കഴിഞ്ഞ ദിവസം രാത്രി ഒരു ഇന്ത്യന്‍ ടാക്സി ഡ്രൈവറെ ആക്രമിച്ച കേസില്‍ ഓസ്ട്രേലിയക്കാരനായ യാത്രക്കാരന് മൂന്ന് മാസം തടവ്. മദ്യലഹരിയില്‍ ഇന്ത്യക്കാരനായ ടാക്സിഡ്രൈവറെ അധിക്ഷേപിച്ചതിനും കൈയ്യേറ്റം ചെയ്തതിനുമുള്ള ശിക്ഷ വളരെ വേഗമാണ് പ്രഖ്യാപിച്ചത്.

പോള്‍ ജോണ്‍ ബ്രോഗ്ഡണ്‍ (48) എന്നയാള്‍ക്കാണ് തടവ് ശിക്ഷ ലഭിച്ചത്. ഓസ്ട്രേലിയയിലെ ബെല്ലാരറ്റ് ടൌണില്‍ വച്ച് സതീഷ് എന്ന 24 കാരനായ ഡ്രൈവറെയാണ് ഇയാള്‍ അധിക്ഷേപിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തത്. മദ്യലഹരിയിലായിരുന്ന തന്നെ തെറ്റായ വഴിയിലൂടെയാണ് കൊണ്ടുപോവുന്നത് എന്ന് തെറ്റിദ്ധരിച്ചതു കാരണമാണ് ഡ്രൈവറെ ആക്രമിച്ചതെന്ന് ബ്രോഡ്ഗണ്‍ പറയുന്നു.

തന്റെ കക്ഷി അമിതമായി മദ്യപിച്ചിരുന്നതിനാല്‍ കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ ഒന്നും ഓര്‍ക്കുന്നില്ല എന്ന് ബ്രോഡ്ഗന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, പ്രതിക്ക് മൂന്ന് മാസം തടവ് ശിക്ഷ നല്‍കിയ കോടതി സമൂഹത്തിനു നേര്‍ക്കുള്ള അക്രമങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കാനാവില്ല എന്ന് വ്യക്തമാക്കി.

യാത്രക്കാരനില്‍ നിന്നുള്ള അധിക്ഷേപം ശക്തമായതിനെ തുടര്‍ന്ന് ടാക്സി ഡ്രൈവര്‍ ഒരു സര്‍‌വീസ് സ്റ്റേഷനില്‍ അഭയം തേടിയിരുന്നു. എന്നാല്‍, ഇയാളെ പിന്തുടര്‍ന്ന് എത്തിയ യാത്രക്കാരന്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു എന്ന് പൊലീസ് വക്താവ് വെളിപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക