ഇന്തോ-പാക് കൂടിക്കാഴ്ച ഇന്ന്

ഞായര്‍, 27 സെപ്‌റ്റംബര്‍ 2009 (09:44 IST)
PRO
PRO
ഇന്ത്യ-പാക് വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന് ന്യൂയോര്‍ക്കില്‍ നടക്കും. ഭീകരതയായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം എന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ വ്യക്തമാക്കിയിട്ടുണ്ട്.

മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പാകിസ്ഥാന്‍ സ്വീകരിച്ച നടപടികളുടെ അടിസ്ഥാനത്തിലായിരിക്കും ഇന്തോ-പാക് ചര്‍ച്ചകള്‍ തുടരുന്നതിനെ കുറിച്ച് ഇന്ത്യ തീരുമാനിക്കുക. മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാകിസ്ഥാന്‍ എന്ത് നടപടി സ്വീകരിച്ചു എന്നും ഇന്ത്യ പരിശോധിക്കും.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായി കണക്കാക്കുന്ന ലഷ്കര്‍ സ്ഥാപകന്‍ ഹഫീസ് സയീദിനെതിരെ പാകിസ്ഥാന്‍ നടപടി സ്വീകരിക്കാന്‍ വൈകുന്നതും ഇന്ത്യയെ അസ്വസ്ഥമാക്കുന്നുണ്ട്.

ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക