ആ നീചന് പ്രായപൂര്‍ത്തിയാകാന്‍ ഇനിയും ആറുമാസം

ബുധന്‍, 16 ജനുവരി 2013 (10:41 IST)
PRO
PRO
ഡല്‍ഹി സംഭവത്തില്‍ അറസ്റ്റിലായ കൌമാരക്കാരന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സ്കൂളിന്റെ പ്രിന്‍‌സിപ്പാള്‍ വ്യക്തമാക്കി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുമ്പാകെയാണ് പ്രിന്‍‌സിപ്പാള്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രതിക്ക് 17 വര്‍ഷവും ആറുമാസവുമാണ് പ്രായമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

2002-ലാണ് പ്രതി സ്കൂളില്‍ ചേര്‍ന്നത്. സ്കൂളിലെ രേഖ പ്രകാരം 1995 ഏപ്രില്‍ ആറിനാണ് ഇയാളുടെ ജന്‍‌മദിനം. സ്‌കൂള്‍ പ്രവേശനസമയത്ത് ഇയാളുടെ ജനനസര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നില്ല.

ഡല്‍ഹിയില്‍ മെഡിക്കല്‍വിദ്യാര്‍ഥിനിയെ ബസില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍
പ്രതിയുടെ പ്രായം തെളിയിക്കാനുള്ള രേഖകളുമായി ഹാജരാവാന്‍ പ്രിന്‍സിപ്പാളിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതി മൂന്നാംക്ലാസ് വരെ പഠിച്ച യു പി യിലെ ഭവാനിപുരിലുള്ള സ്‌കൂളിലെ നിലവിലുള്ളതും മുന്‍പുണ്ടായിരുന്നതുമായ പ്രിന്‍‌സിപ്പാള്‍‌മാരാണ് ബോര്‍ഡിന് മുന്‍പാകെ ഹാജരായത്.

പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അവകാശപ്പെടുന്ന ഈ പ്രതിയാണ് മെഡിക്കല്‍വിദ്യാര്‍ഥിനിയോടും സുഹൃത്തിനോടും ഏറ്റവും ക്രൂരത കാട്ടിയതെന്ന് ഡല്‍ഹി പോലീസ് പറയുന്നു.

പ്രതിയുടെ പ്രായം തെളിയിക്കാന്‍ എല്ലുപരിശോധന നടത്തണമെന്ന പൊലീസിന്റെ അപേക്ഷ ജുവനൈല്‍ ബോര്‍ഡിന്റെ പരിഗണനയിലാണ്.

വെബ്ദുനിയ വായിക്കുക