പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് മാത്രമാണോ ഭരണത്തിലിരിക്കെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ളത്? അല്ല,മന്‍മോഹന്‍ സിംഗിനെ കൂടാതെ, ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു ഉള്‍പ്പെടെ നാല് മുന്‍ പ്രധാനമന്ത്രിമാര്‍ക്കും ഭരണകാലത്ത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്.
അടല്‍ ബിഹാരി വാജ്‌പേയിക്ക് കാല്‍മുട്ടിന് വേണ്ടി വന്ന ശസ്ത്രക്രിയയാണ് തൊട്ടു മുമ്പിലുള്ളത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ നടത്തിയത് അമേരിക്കയില്‍ നിന്നുള്ള ഡോ.ചിത്തരഞ്ജന്‍ റണാവത്തായിരുന്നു.
പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് തന്നെ പി വി നരസിംഹ റാവുവിന് അമേരിക്കയില്‍ വച്ച് ബൈപാസ് ശസ്ത്രക്രിയ നടത്തിയിരുന്നു. പന്ത്രണ്ടാം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം പലതവണ ഹൃദയ സംബന്ധമായ ചികിത്സകള്‍ക്ക് വിധേയനായിരുന്നു.
ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിരുന്നു. ഇതെ തുടര്‍ന്ന് ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പ്രധാനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചു.
പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനു ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. 1964 ല്‍ ഭുവനേശ്വര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് നെഹ്രുവിന് രോഗബാധയുണ്ടായിരുന്നു.