ആയുധങ്ങളുമായി തൂത്തുക്കുടിയില്‍ അമേരിക്കന്‍ കപ്പല്‍: തമിഴ്നാട് ക്യൂ ബ്രാഞ്ച് അന്വേഷണം തുടങ്ങുന്നു!
വ്യാഴം, 17 ഒക്‌ടോബര്‍ 2013 (09:18 IST)
PTI
തൂത്തുക്കുടി തുറമുഖത്ത് ആയുധശേഖരവുമായി അമേരിക്കന്‍ കപ്പല്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
തൂത്തുക്കുടി തീരദേശ പോലീസാണ് അന്വേഷണം തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന് കൈമാറിയത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയ ഉദ്യോഗസ്ഥരും ഇത് സംബന്ധിച്ച് അന്വേഷണത്തിനായി ചെന്നൈയിലെത്തും.
തൂത്തുക്കുടിയില്‍ നിന്ന് 47 മൈല്‍ അകലെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മതിയായ യാത്രാ അനുമതി രേഖകളും മറ്റും ഇല്ലാതെ കണ്ടെത്തിയ അമേരിക്കന്‍ കപ്പല്‍ എം പി സീമാന്‍ ഗാര്‍ഡിനെ പറ്റിയുള്ള അന്വേഷണമാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഏറ്റെടുത്തത്.
കപ്പലില്‍ സൂക്ഷിച്ചിരുന്ന 1500 ലിറ്റര്‍ ഡീസല്‍ ഇന്ത്യയില്‍നിന്നു വാങ്ങിയതാണോയെന്നും പൊലീസും സുരക്ഷാ ഏജന്‍സികളും അന്വേഷിക്കുന്നുണ്ട്.
രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കെല്ലാം തലവേദന- അടുത്ത പേജ്
PTI
രാജ്യസുരക്ഷയും ആയുധസംബന്ധ നിയമലംഘനവും കൈകാര്യം ചെയ്യുന്ന തമിഴ്‌നാട് പോലീസിന്റെ പ്രത്യേക വിഭാഗമാണ് ക്യൂ ബ്രാഞ്ച്. ഇന്ത്യന്‍ ആയുധ നിയമം, അവശ്യ വസ്തുക്കളുടെ നിയന്ത്രണ നിയമം എന്നിവ അനുസരിച്ചാണ് കപ്പല്‍ ഉടമകള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കേന്ദ്ര ഇന്റെലിജന്‍സ് ബ്യൂറോയും റോയും തമിഴ്‌നാട് കോസ്റ്റല്‍ സെക്യൂരിറ്റി ഫോഴ്‌സും അന്വേഷണം നടത്തുകയാണ്.കപ്പല്‍ ആഗസ്റ്റ് 28ന് കൊച്ചിയിലെത്തിയതായും കണ്ടെത്തി. മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരം അനുസരിച്ച് ശനിയാഴ്ച പുലര്‍ച്ചെ തമിഴ്‌നാട് കോസ്റ്റ് ഗാര്‍ഡാണ് കപ്പല്‍ കണ്ടെത്തിയത്.
ആഫ്രിക്കന്‍ രാജ്യമായ സീറ ലിയോണിന്റെ കൊടിയുള്ള കപ്പല്‍ അമേരിക്കന്‍ കമ്പനിയായ അഡ്വാര്‍ഡ് ഫോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ്. എട്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 35 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
കടല്‍ക്കൊള്ളക്കാരില്‍നിന്ന് മര്‍ച്ചന്റ് കപ്പലുകള്‍ക്ക് സുരക്ഷ നല്‍കാനാണ് ഈ സ്വകാര്യ ഏജന്‍സിയുടെ കപ്പല്‍ റോന്തുചുറ്റുന്നതെന്നാണ് വിശദീകരണം.
തൂത്തുക്കുടി ജില്ലാ കളക്ടര്‍ എം രവികുമാര്‍ തിങ്കളാഴ്ച കപ്പലില്‍ പരിശോധന നടത്തിയിരുന്നു. ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.