ആന്‍ഡേഴ്സനെ വിട്ടത് രാജീവ്? - വിവാദം പുകയുന്നു

വെള്ളി, 11 ജൂണ്‍ 2010 (19:27 IST)
ഭോപ്പാല്‍ ദുരന്തം കാല്‍ നൂറ്റാണ്ടിന് ശേഷം കോണ്‍ഗ്രസിനെ വേട്ടയാടുകയാണ്. കേസിലെ പിടികിട്ടാപ്പുള്ളി വാറന്‍ ആന്‍ഡേഴ്സന് ഇന്ത്യ വിടാന്‍ അനുവാദം നല്‍കിയത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന പുതിയ വെളിപ്പെടുത്തലാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്.

രാജീവ് ഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മലയാളി പി സി അലക്സാണ്ടറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ സിംഗിന്‍റെ അറിവോടെയാണ് ആന്‍ഡേഴ്സണ്‍ രാജ്യം വിട്ടതെന്ന് മുന്‍ സി ബി ഐ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് രാജീവ് ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്നാണ് പി സി അലക്സാണ്ടറിന്‍റെ വാക്കുകള്‍ സൂചന നല്‍കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ഭോപ്പാല്‍ ദുരന്തത്തിന് ശേഷം അടിയന്തിരമായി ഉന്നതാധികാരസമിതി യോഗം ചേര്‍ന്നിരുന്നെന്നും രാജീവ് ഗാന്ധിയും അര്‍ജ്ജുന്‍ സിംഗും അതില്‍ പങ്കെടുത്തുവെന്നും അലക്സാണ്ടര്‍ വ്യക്തമാക്കി. യോഗത്തിന് ശേഷം രാജീവും അര്‍ജ്ജുന്‍ സിംഗും രഹസ്യ ചര്‍ച്ച നടത്തിയിരുന്നതായും അലക്സാണ്ടര്‍ വെളിപ്പെടുത്തി.

ആന്‍ഡേഴ്സണ്‍ ഇന്ത്യ വിട്ടതില്‍ രാജീവിന് പങ്കുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എ വ്യക്തമാക്കി. അതേസമയം, രാജീവ് ഗാന്ധിക്ക് ഈ വിഷയവുമായി ബന്ധമൊന്നുമില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

ആന്‍ഡേഴ്സണ്‍ രാജ്യം വിട്ട സാഹചര്യം വ്യക്തമാക്കണമെന്ന് അര്‍ജ്ജുന്‍ സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൌഹാന്‍ പറഞ്ഞു. എന്നാല്‍ അര്‍ജ്ജുന്‍ സിംഗ് ഇതുവരെ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക