ആന്ധ്ര മന്ത്രി എം എല്‍ എയെ അടിച്ചു

തിങ്കള്‍, 28 മാര്‍ച്ച് 2011 (13:53 IST)
PRO
PRO
ഒരു മന്ത്രി എം എല്‍ എയെ അടിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആദ്യസംഭവമായിരിക്കും. ആന്ധ്ര നിയമസഭയാണ് ഇതിന് വേദിയായത്. മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും ഭക്ഷ്യ മന്ത്രിയുമായ വൈ എസ് വിവേകാനന്ദ റെഡ്ഡിയാണ് പ്രതിപക്ഷ എം എല്‍ എയെ തല്ലിയത്.

ടി ഡി പി എം എല്‍ എ സി എച് പ്രഭാകറിനാണ് അടികൊണ്ടത്. ഇതെത്തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. സംഭവത്തില്‍ വിവേകാനന്ദ റെഡ്ഡിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം തുടങ്ങുകയും ചെയ്തു.

ആന്ധ്ര നിയമസഭയില്‍ കയ്യാങ്കളി പതിവ് സംഭവമാണ്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയ്ക്കാണ് സഭ ചേര്‍ന്നത്. തുടര്‍ന്ന് ബജറ്റ് ചര്‍ചകള്‍ ആരംഭിച്ചപ്പോള്‍ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം ആരംഭിക്കുകയായിരുന്നു. ‘വൈ എസ് ആറിന്റെ കൊള്ളസംഘം’ എന്ന പ്ലക്കാര്‍ഡുകളുമായെത്തിയ ടി ഡി പി എം എല്‍ എമാരുടെ അരികിലേക്ക് റെഡ്ഡി എഴുന്നേറ്റ് ചെല്ലുകയായിരുന്നു.

തുടര്‍ന്ന് മുതിര്‍ന്ന ടി ഡി പി നേതാവ് ജി മുദ്ദുകൃഷ്ണമ്മനായിഡുവുമായി വാക്ക് തര്‍ക്കം തുടങ്ങി. ഇതിനിടെ രണ്ടാ നിരയില്‍ ഇരുന്ന പ്രഭാകര്‍ മന്ത്രിയോട് എന്തോ പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് അടി കിട്ടിയത്. രണ്ടാമതും അടിക്കാന്‍ റെഡ്ഡി കൈ ഉയര്‍ത്തിയപ്പോള്‍ മുദ്ദുകൃഷ്ണമ്മനായിഡു ഇടപെട്ട് പിടിച്ചു മാറ്റുകയായിരുന്നു.

അതിനിടെ മറ്റ് മന്ത്രിമാര്‍ ഓടിയെത്തി റെഡ്ഡിയെ ടി ഡി പി അംഗങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക