ആത്മഹത്യക്ക് ശ്രമിച്ചയാള്‍ ആശുപത്രി ബില്ലടക്കാതെ ഓടി കിണറ്റില്‍ വീണു
വ്യാഴം, 9 മെയ് 2013 (16:12 IST)
PRO
വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ആശുപത്രിയില്‍ നിന്നും ബില്ലടക്കാതെ ഓടി രക്ഷപ്പെടുന്നതിനിടയില്‍ പൊട്ടക്കിണറ്റില്‍ വീണു.
വെള്ളം അധികമില്ലാത്ത കിണറ്റില്‍ വീണയാളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. കുലശേഖരം സ്വദേശി സുനിലി(36)നെയാണ് നാട്ടുകാര്‍ രക്ഷിച്ചത്.
കുടുംബവഴക്കിനെ തുടര്‍ന്ന് വിഷം കഴിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ കുലശേഖരത്തുള്ള ഒരു സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സുഖം പ്രാപിച്ചപ്പോഴേക്കും യുവാവ് ആശുപത്രി ബില്ലടക്കാതെ ഓടി രക്ഷപ്പെട്ടു.
തിരുവട്ടാറിന് സമീപം പൊട്ടൂരുള്ള ഒരു കിണറില്‍ ഇയാള്‍ വീണുകിടക്കുന്നത് കണ്ടു നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരുവട്ടാര്‍ പൊലീസെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ രക്ഷിച്ചത്.
ഏകദേശം 20 അടി താഴ്ചയുള്ള കിണറില്‍ രണ്ടടി മാത്രമാണ് വെള്ളമുണ്ടായിരുന്നത്. ഏണി ഉപയോഗിച്ച് ഇയാളെ പുറത്തെത്തിക്കുകയായിരുന്നു.
രക്ഷപ്പെട്ട് ഓടുന്നതിനിടെയില്‍ റോഡില്‍ എതിരെ വന്ന വാഹനം പൊലീസ് ജീപ്പാണെന്ന് തെറ്റിദ്ധരിച്ച് റോഡരികിലെ വീട്ടുവളപ്പില്‍ പ്രവേശിച്ചപ്പോള്‍ കണ്ട കിണറിന്റെ ആള്‍മറ മതിലാണെന്ന് കരുതി ചാടുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.