ആണവക്കരാറില്‍ അമേരിക്കയ്ക്ക് പ്രതീക്ഷ

വ്യാഴം, 26 ജൂണ്‍ 2008 (12:49 IST)
ഇന്ത്യയുമായുള്ള ആണവക്കരാര്‍ നടപ്പാകും എന്ന് അമേരിക്ക പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ കോണ്‍ഗ്രസിലെ വിദേശകാര്യ സബ്‌ കമ്മറ്റി ചെയര്‍മാന്‍ ഗാരി അക്കര്‍മാന്‍ പറഞ്ഞു.

കരാര്‍ നടപ്പാക്കുന്നതില്‍ ഇന്ത്യ വഹിക്കുന്ന പങ്ക് വലുതാണെന്നും ഇത് നടപ്പാക്കുന്നതിത് സംബന്ധിച്ച് ആഭ്യന്തരമായുള്ള കാര്യങ്ങള്‍ അവിടെ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ ചരിത്രപരമായ കരാര്‍ നടപ്പാക്കുന്നതില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സമയം പാഴാക്കിയത് മഠയത്തരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

ആണവ കരാര്‍ സംബന്ധിച്ച് തുടര്‍ നടപടികളുടെ നടത്തിപ്പിനായി അക്കര്‍മാര്‍ അടുത്തയാഴ്ച ഇന്ത്യയില്‍ എത്തുന്നുണ്ട്.
ഈ സുപ്രധാന കരാര്‍ ബുഷ് ഭരണകാലത്തെ കോണ്‍ഗ്രസിന്‍റെ കാലത്തുതന്നെ നടപ്പാകുമെന്നാണ്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2005 ജൂലൈയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍ സിംഗും അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷും നടത്തിയ പ്രസ്താവനകളില്‍ ഒന്നു മാത്രമാണ് 123 ഉടമ്പടി സംബന്ധിച്ച വിവരം. ഇത് നടപ്പാകുന്നത് കേവലം സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ള ആണവ ഊര്‍ജ്ജ ഉപയോഗത്തിനു മാത്രമല്ല ഉപകരിക്കുന്നത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സമസ്ത മേഖലകളിലെയും സഹകരണമാണ് ല‌ക്‍ഷ്യമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ സന്ദര്‍ശിക്കുന്ന അവസരത്തില്‍ ഗാരി അക്കര്‍മാന്‍ ഈജിപ്ത്, ഇസ്രയേല്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും.

വെബ്ദുനിയ വായിക്കുക