ആഞ്ഞടിച്ച് മോഡി; ‘രാജ്യം വില്‍ക്കുന്നവനേക്കാള്‍ നല്ലത് ചായ വില്‍ക്കുന്നവന്‍‘
ശനി, 16 നവംബര്‍ 2013 (10:48 IST)
PTI
രാജ്യത്തെ വില്‍ക്കുന്നയാള്‍ പ്രധാനമന്ത്രിയാകുന്നതിനെക്കാള്‍ നല്ലത് ചായ വില്‍ക്കുന്നയാള്‍ പ്രധാനമന്ത്രിയാകുന്നതാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി.
ചായ വില്‍ക്കുന്നയാള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യതയില്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ ആക്ഷേപിച്ചിരുന്നു. നരേഷ് അഗര്‍വാളിന് ഉരളക്കുപ്പേരിയായി മറുപടി നല്‍കി മോഡി ആഞ്ഞടിച്ചു.
റായ്പൂരില്‍ ഇലക്ഷന്‍ പ്രചരണം നടത്തവേയാണ് നരേന്ദ്ര മോദി ചായ വില്‍ക്കുന്നയാള്‍ക്ക് പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലെന്ന വിമര്‍ശനത്തിന് മറുപടി പറയുകയും കോണ്‍ഗ്രസിനെ ആക്രമിക്കുകയും ചെയ്തത്.
കുട്ടിക്കാലത്ത് നരേന്ദ്ര മോദി റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റു നടന്ന പൂര്‍വ്വകാലത്തെ പരാമര്‍ശിച്ചുകൊണ്ടാണ് നരേഷ് അഗര്‍വാള്‍ ആ വിമര്‍ശനം ഉന്നയിച്ചത്.
ജനങ്ങളാണ് ചായ വില്‍ക്കുന്നയാളെ പ്രധാനമന്ത്രിയാക്കണോ അതോ രാജ്യത്തെ വില്‍ക്കുന്നയാളെ പ്രധാനമന്ത്രിയാക്കണോ എന്ന് തീരുമാനിക്കുന്നതെന്ന് മോഡി പറഞ്ഞു.
അഴിമതി രഹിത ഇന്ത്യയാണ് വേണ്ടതെങ്കില്‍ കോണ്‍ഗ്രസ് രഹിത രാജ്യമാണ് വേണ്ടതെന്നും മോഡി പറഞ്ഞു. രാഹുല്‍ ഗാന്ധി ഇപ്പോള്‍ ആവശ്യപ്പെടുന്നത് രാജ്യത്തിന് മാറ്റം ആവശ്യമുണ്ടെന്നാണ്. എന്നാല്‍ കഴിഞ്ഞ 60 വര്‍ഷം ആരാണ് ഇന്ത്യ ഭരിച്ചതെന്നാണ് ആദ്യം പരിശോധിക്കേണ്ടതെന്നും മോഡി പറഞ്ഞു.