യുപി കോണ്‍ഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയുടെ വീട് കത്തിച്ചതില്‍ മായാവതിക്ക് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ്. റീത്തയുടെ ലക്നൌവിലെ വസതി സന്ദര്‍ശിക്കുമ്പോഴാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മായാവതിക്കെതിരെ അഭിപ്രായ പ്രകടനം നടത്തിയത്.
കേസ് സിബിഐ അന്വേഷിക്കണം എന്നതില്‍ കുറഞ്ഞൊരു അനുരഞ്ജനത്തിന് കോണ്‍ഗ്രസ് സമ്മതിക്കുകയില്ല എന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.
ആക്രമണം നടന്നതിനെ തുടര്‍ന്ന് യുപി സര്‍ക്കാര്‍ വീടിന് പൊലീസ് കാവല്‍ നല്‍കിയിരുന്നു. എന്നാല്‍, സംരക്ഷണം നിരസിച്ച റീത്ത ഭാഗികമായി അഗ്നിക്കിരയായ വീട്ടില്‍ താമസം തുടരുകയാണ്. കേസില്‍, കുറ്റക്കാരെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ജയില്‍ നിറയ്ക്കല്‍ സമരം നടത്തുമെന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞിരുന്നു.
ജൂലൈ 15ന് മായാവതിക്കെതിരെ അപകീര്‍ത്തികരമായ പ്രസംഗം നടത്തി എന്ന് ആരോപിച്ച് റീത്തയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് രാത്രിയിലാണ് ഇവരുടെ വീടിനു നേര്‍ക്ക് ആക്രമണം നടന്നത്. ജൂലൈ 29 വരെ റീത്തയ്ക്ക് ഇടക്കാല ജാമ്യം ലഭിച്ചിട്ടുണ്ട്.