ആം ആദ്‌മി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

വ്യാഴം, 2 ജനുവരി 2014 (21:43 IST)
PTI
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വിശ്വാസവോട്ട് നേടി. ആം ആദ്മി പാര്‍ട്ടിയിലെ 28 അംഗങ്ങള്‍ കൂടാതെ മറ്റ് ഒമ്പത് എം എല്‍ എമാര്‍ കൂടി സര്‍ക്കാരിനെ പിന്തുണച്ചു. കോണ്‍ഗ്രസിലെ എട്ട് എം എല്‍ എമാരും ജെ ഡി യുവിലെ ഒരംഗവുമാണ് ആം ആദ്മി സര്‍ക്കാരിന് പിന്തുണ നല്‍കിയത്. ഇതോടെ 37 എം എല്‍ എമാരുടെ പിന്തുണയുള്ള സര്‍ക്കാരായി അരവിന്ദ് കേജ്‌രിവാളിന്‍റെ സര്‍ക്കാര്‍ മാറി.

ശബ്ദ വോട്ടാണ് നടന്നത്. ബി ജെ പി എതിര്‍ത്തെങ്കിലും സര്‍ക്കാര്‍ വിശ്വാസവോട്ട് നേടുമെന്ന് ഉറപ്പായിരുന്നു. അധികാരമേറ്റതിന് ശേഷമുള്ള ആദ്യ അഗ്നിപരീക്ഷയാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ ഇന്ന് നേരിട്ടത്.

ആം ആദ്മി സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കുമെന്നും അക്കാര്യത്തില്‍ പുന:പരിശോധന ആവശ്യമില്ലെന്നും ഡി പി സി സി അധ്യക്ഷന്‍ അരവീന്ദര്‍ സിംഗ് ലവ്‌ലി നേരത്തേ വ്യക്തമാക്കിയിരുന്നു.

സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. മനീന്ദര്‍ സിംഗ് ധീര്‍ ആണ് ആം ആദ്മി പാര്‍ട്ടിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. വിശ്വാസവോട്ട് നേടിയതോടെ ലോക്പാലിന്‍റെ ചുവടുപിടിച്ച് ലോകായുക്ത നിയമം നടപ്പിലാക്കാനാകും കെജ്‌രിവാള്‍ സര്‍ക്കാരിന്‍റെ ശ്രമം.

വെബ്ദുനിയ വായിക്കുക