അസമില്‍ വീണ്ടും സംഘര്‍ഷം: ചിരാങ്ങില്‍ 5 മരണം

ശനി, 25 ഓഗസ്റ്റ് 2012 (20:19 IST)
PRO
PRO
അസമില്‍ വീണ്ടും സംഘര്‍ഷം. ചിരാങ്ങ്‌ ജില്ലയില്‍ ശനിയാഴ്ച ഉണ്ടായ കലാപത്തില്‍ അഞ്ച്‌ പേര്‍ മരിച്ചു. വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടതിനേ തുടര്‍ന്ന്‌ ജില്ലയില്‍ അനിശ്‌ചിതകാല നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ധുബ്രി ജില്ലയിലെ ബംഗള്‍ദോബയില്‍ ഇഷ്ടികക്കളത്തിലെ തൊഴിലാളികള്‍ക്കു നേരെ ബുധനാഴ്ചയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

നേരത്തെ അസമിലുണ്ടായ കലാപത്തില്‍ എണ്‍പതിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ബോഡോകളും അന്യസംസ്‌ഥാനക്കാരും തമ്മിലുളള സംഘര്‍ഷത്തില്‍ സംസ്‌ഥാനത്ത്‌ പതിനായിരത്തിലധികം ആളുകളാണ്‌ ഭവനരഹിതരായത്‌. കലാപ ബാധിതരെ പുനരധിവസിപ്പിക്കുന്നതിനിടെയാണ് അസമില്‍ വീണ്ടും സംഘര്‍ഷം പൊട്ടി പുറപ്പെട്ടിരിക്കുന്നത്.

ക്രൊകജാര്‍, ചിരാങ്ങ്‌, ധൂബ്രി ജില്ലകള്‍ ഉള്‍പ്പെടെയുളള പ്രദേശത്താണ്‌ നേരത്തെ സംഘര്‍ഷം പടര്‍ന്നത്‌. കലാപവുമായി ബന്ധപ്പെട്ട് ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് നേതാവ് പ്രദീപ് ബ്രഹ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ അഞ്ചു കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഘര്‍ഷം പടര്‍ത്തുന്നതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം.

വെബ്ദുനിയ വായിക്കുക