അസം കലാപം: മരണം 44, ലക്ഷങ്ങള്‍ പലായനം ചെയ്യുന്നു

വെള്ളി, 27 ജൂലൈ 2012 (10:25 IST)
PTI
PTI
അസമില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപം ഒരാഴ്ചയായിട്ടും നിയന്ത്രണവിധേയമായില്ല. ലോവര്‍ അസം ജില്ലകളില്‍ തുടര്‍ച്ചയായ ആറാം ദിവസവും അക്രമങ്ങള്‍ അരങ്ങേറി. ഇതോടെ മരണസംഖ്യ 44 ആയി ഉയര്‍ന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ശനിയാഴ്ച അസം സന്ദര്‍ശിക്കും.

ബോഡോ ഗോത്രവര്‍ഗക്കാരും മുസ്ലിം കുടിയേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷമാണ് കലാപത്തിലേക്ക് നീങ്ങിയത്. ലക്ഷക്കണക്കിന് ആളുകള്‍ ആണ് ഗ്രാമങ്ങളില്‍ നിന്ന് പലായനം ചെയ്യുന്നത്. ഭവനരഹിതരായവരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വടക്കന്‍ ബംഗാളിലേക്കും അഭയാര്‍ത്ഥികള്‍ ഒഴുകുന്നുണ്ട്. ഇവര്‍ക്ക് അഭയം നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. കലാപത്തെ തുടര്‍ന്ന് ഇന്ത്യാ-ബംഗ്ലാദേശ്‌ അതിര്‍ത്തി അടച്ചു.

അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി എന്നാണ് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്‌ പ്രതികരിച്ചത്. കൊക്രാജാര്‍ ജില്ല സന്ദര്‍ശിച്ച്‌ അദ്ദേഹം കാര്യങ്ങള്‍ വിലയിരുത്തി. എന്നാല്‍ കലാപം കൈകാര്യം ചെയ്യുന്നതില്‍ ഗോഗോയ്‌ക്ക് പിഴവ് സംഭവിച്ചു എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

വെബ്ദുനിയ വായിക്കുക