കേന്ദ്രസര്‍ക്കാറിന്റെയോ കോടതിയുടെയോ നിര്‍ദേശമില്ലാതെ അശ്ലീലസൈറ്റുകള്‍ തടയാന്‍ കഴിയില്ലെന്ന് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ സുപ്രീംകോടതിയെ അറിയിച്ചു. അശ്ലീലസൈറ്റുകള്‍ തടയണമെന്ന് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹര്‍ജിക്കുള്ള മറുപടിയിലാണ് സ്വമേധയാ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് സേവനദാതാക്കള്‍ വ്യക്തമാക്കിയത്.
ടെലികോം മന്ത്രാലയം നല്‍കിയ ലൈസന്‍സുകള്‍ പ്രകാരം വെബ്‌സൈറ്റുകളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ സേവനദാതാക്കള്‍ക്ക് അനുമതിയില്ല. മന്ത്രാലയത്തിന്റെയോ കോടതിയുടെയോ വ്യക്തമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സൈറ്റുകള്‍ തടയാവൂവെന്ന് നിലവിലെ ചട്ടങ്ങളില്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ മറുപടിനല്‍കാന്‍ സര്‍ക്കാറിന് മൂന്നാഴ്ചത്തെ സമയംകൂടി കോടതി
അനുവദിച്ചു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് മറുപടിക്ക് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടുന്നത്. അശ്ലീല വെബ്‌സൈറ്റുകള്‍, പ്രത്യേകിച്ച് കുട്ടികളുടെ അശ്ലീലസൈറ്റുകള്‍, നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
എന്താണ് അശ്ലീലമെന്നും സൈറ്റില്‍ അനുവദിക്കാവുന്നത് ഏതാണെന്നും തീരുമാനിക്കാനുള്ള നിയമപരവും സ്ഥാപനപരവുമായ കഴിവ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കില്ലെന്ന് മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരാള്‍ക്ക് അശ്ലീലമെന്ന് തോന്നുന്നത് മറ്റൊരാള്‍ക്ക് കലയായിരിക്കും. ടെലികോം മന്ത്രാലയമോ കോടതിയോ നിര്‍ദേശിക്കുന്ന എല്ലാ സൈറ്റുകളും തടയാന്‍ സേവനദാതാക്കളെന്ന നിലയില്‍ തയ്യാറാണെന്നും സേവനദാതാക്കള്‍ സുപ്രീംകോടതിയെ അറിയിച്ചു.