അവദേശിനെതിരെ നടപടിക്ക് നിര്‍ദ്ദേശം

ബുധന്‍, 27 ജനുവരി 2010 (20:16 IST)
കരസേനാ സെക്രട്ടറി ലഫ്‌. ജനറല്‍ അവദേശ്‌ പ്രകാശിനെതിരെ അച്ചടക്ക നടപടികള്‍ തുടങ്ങുന്നതിന് കരസേനാ മേധാവി ജനറല്‍ ദീപക്‌ കപൂറിന്‌ പ്രതിരോധമന്ത്രി എ കെ ആന്‍റണി നിര്‍ദ്ദേശം നല്‍കി. ഭൂമിയിടപാട്‌ കേസില്‍ ഉള്‍പ്പെട്ട അവദേശ് കോര്‍ട്ട്‌ മാര്‍ഷല്‍ നടപടി നേരിടേണ്ടി വരുമെന്നാണ് അറിയുന്നത്.

അവദേശിനെതിരെ ഭരണതലത്തില്‍ അന്വേഷണം നടത്താന്‍ ദീപക് കപൂര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ഇതില്‍ കോര്‍ട്ട് മാര്‍ഷല്‍ നിര്‍ബന്ധമാക്കിയിരുന്നില്ല. എന്നാല്‍ അച്ചടക്ക നടപടികള്‍ ആരംഭിക്കാനായി ആന്‍റണി നിര്‍ദ്ദേശം നല്‍കിയതോടെ ഇത് കോര്‍ട്ട് മാര്‍ഷലിന് വഴിവയ്ക്കുമെന്നാണ് സൂചനകള്‍. ബംഗാളിലെ സുഖ്നായ്ക്ക് സമീപമുള്ള 71 ഏക്കര്‍ സ്ഥലത്തിന്‍റെ വില്‍പ്പനയ്ക്കായി എന്‍ ഒ സി നല്‍കിയതാണ് അവദേശ്‌ പ്രകാശിനെതിരെയുള്ള കുറ്റം.

ഈ ആരോപണത്തെക്കുറിച്ച് അന്വേഷിച്ച ആര്‍മി കമാന്‍ഡര്‍ ആരോപണം സത്യമാണെന്ന് കണ്ടെത്തിയിരുന്നു. അവദേശ് പ്രകാശിനെ കൂടാതെ രണ്ട്‌ ലഫ്‌. ജനറല്‍മാരും ഒരു മേജര്‍ ജനറലും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ദീപക് കപൂറിനോട് വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് അവദേശ് പ്രകാശ്. അതുകൊണ്ടു തന്നെ അവദേശിനോട് ദീപക് കപൂറിന് മൃദുസമീപനമാണുള്ളതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ദീപക് കപൂര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രാലയം നിരീക്ഷിച്ചു വരികയാണെന്ന് എ കെ ആന്‍റണി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

വെബ്ദുനിയ വായിക്കുക