അഴിമതി നടത്തിയത് എത്ര വമ്പനായാലും നടപടി ഉറപ്പ്: എ കെ അന്റണി

ചൊവ്വ, 27 മാര്‍ച്ച് 2012 (13:32 IST)
PRO
PRO
സൈനിക വാഹനങ്ങള്‍ വാങ്ങാന്‍ തനിക്ക് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെന്ന കരസേനാ മേധാവി ജനറല്‍ വി കെ സിംഗിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി രാജ്യസഭയില്‍ പ്രസ്താവന നടത്തി. അഴിമതിയുണ്ടെന്ന് തെളിഞ്ഞാല്‍ എല്ലാ സൈനിക വാഹന കരാറുകളും റദ്ദാക്കുമെന്ന് ആന്റണി അറിയിച്ചു.

ആന്റണിയുടെ വികാരനിര്‍ഭരമായ പ്രസംഗത്തിനാണ് രാജ്യസഭ സാക്‍ഷ്യം വഹിച്ചത്. കൈക്കൂലിക്കാര്യം ഒരു വര്‍ഷം മുമ്പ് വി കെ സിംഗ് തന്നോട് സൂചിപ്പിച്ചിരുന്നു. ഇക്കാര്യം കേട്ടപ്പോള്‍ താന്‍ തലയില്‍ കൈവെച്ച് ഇരുന്നുപോയി. മുന്‍ പ്രതിരോധ ഉദ്യോഗസ്ഥനായ തേജീന്ദര്‍ സിംഗാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്നും വി കെ സിംഗ് സൂചിപ്പിച്ചിരുന്നു. എന്നാല്‍ നടപടി എടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. രേഖമൂലം പരാതി നല്‍കിയതുമില്ല. നടപടിക്ക് സമ്മര്‍ദ്ദം ചെലുത്താനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതിന്റെ കാരണം തനിക്ക് അറിയില്ലെന്നും ആന്റണി പറഞ്ഞു.

പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന വി കെ സിംഗിന്റെ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ആന്റണി വ്യക്തമാക്കി. കുറ്റക്കാരന്‍ എത്ര വമ്പനായാലും നടപടിയെടുക്കും. അഴിമതി വച്ചുപൊറുപ്പിക്കുന്ന ആളല്ല താന്‍. താന്‍ അധികാരമേറ്റെടുത്തശേഷം ആറു കമ്പനികളെ ഇതുവരെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. പൊതുജീവിതത്തില്‍ സംശുദ്ധി കാത്തുസൂക്ഷിച്ച വ്യക്തിയാണ് താന്‍. അഴിമതിക്കെതിരെ എക്കാലത്തും ശക്തമായി പോരാടിയിട്ടുണ്ട്. പാര്‍ട്ടി നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമാണ് പ്രതിരോധമന്ത്രി പദം താന്‍ ഏറ്റെടുത്തതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

English Summary: Defence minister AK Antony has corroborated Army chief General VK Singh's claim that he was informed by the Army chief about the alleged bribe offer made to him. Speaking on the issue in Rajya Sabha, Antony said that though Gen Singh informed him about the alleged bribe offer by Lt General (retd) Tejinder Singh, he also told him that he didn't want to pursue the matter further when asked to take action.

വെബ്ദുനിയ വായിക്കുക