അരവിന്ദ് കെജ്‌രിവാള്‍ രാജിവച്ചു

വെള്ളി, 14 ഫെബ്രുവരി 2014 (20:11 IST)
PTI
ജന്‍‌ലോക്പാല്‍ ബില്‍ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവച്ചു. ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് കെജ്‌രിവാള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 27നെതിരെ 42 വോട്ടുകള്‍ക്കാണ് ലോക്പാല്‍ ബില്ലിന് ഡല്‍ഹി നിയമസഭയില്‍ അവതരണാനുമതി നിഷേധിക്കപ്പെട്ടത്. രാജിവയ്ക്കുമെന്ന വാക്ക് കെജ്‌രിവാള്‍ പാലിക്കണമെന്ന് ബി ജെ പിയും ആവശ്യപ്പെട്ടിരുന്നു. നിയമസഭ പിരിഞ്ഞതിന് ശേഷം ആം ആദ്‌മി പാര്‍ട്ടിയുടെ ഓഫീസിലെത്തിയ കെജ്‌രിവാള്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും നേതൃത്വത്തോടും ആലോചിച്ച ശേഷമാണ് രാജി പ്രഖ്യാപിച്ചത്.

അഴിമതിക്കെതിരായ പോരാട്ടത്തിനിടെ നൂറുതവണ രാജിവയ്ക്കാനും തയ്യാറാണെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. പോരാട്ടത്തിന് പദവികള്‍ ആവശ്യമില്ല. വന്‍ വ്യവസാ‍യ ശൃംഖലയ്ക്കെതിരെ നിലപാടെടുത്തപ്പോള്‍ അതിനെതിരെ കോണ്‍ഗ്രസും ബി ജെ പിയും ഒന്നിച്ചതായും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. ജീവന്‍ ഉപേക്ഷിച്ചാലും കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങള്‍ അംഗീകരിക്കില്ല. അഴിമതിക്കെതിരായ പ്രക്ഷോഭം തെരുവിലേക്ക് വ്യാപിപ്പിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ലഫ്. ഗവര്‍ണറുടെ നീക്കം മറികടന്ന് ജനലോക്പാല്‍ ബില്‍ അവതരിപ്പിക്കാനുള്ള ആം ആദ്മി സര്‍ക്കാരിന്റെ നീക്കം കോണ്‍ഗ്രസും ബി ജെ പിയും സംയുക്തമായാണ് പരാജയപ്പെടുത്തിയത്. അവതരണാനുമതി പ്രമേയത്തിന് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ അവതരിപ്പിക്കാന്‍ സാധിക്കില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സഭ ചേര്‍ന്നത്. സഭ തടസ്സപ്പെടുത്താന്‍ ബിജെപിയും കോണ്‍ഗ്രസും പലവട്ടം ശ്രമിച്ചു. ഗുരു രവിദാസ് ജയന്തിയായതിനാല്‍ സഭയ്ക്ക് അവധി നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ഈ ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്ന് നിയമമന്ത്രി സോംനാഥ് ഭാരതിയുടെ രാജി ആവശ്യപ്പെട്ടായി ബഹളം. ഇതും സ്പീക്കര്‍ മുഖവിലയ്ക്കെടുത്തില്ല. തുടര്‍ന്ന് ബില്‍ അവതരിപ്പിക്കരുതെന്ന ലഫ്.ഗവര്‍ണറുടെ കത്ത് വോട്ടിനിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങി. ബഹളം നിയന്ത്രണാതീതമായപ്പോള്‍ സ്പീക്കര്‍ 20 മിനിറ്റ് നേരത്തേക്ക് സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് സഭ ചേര്‍ന്നപ്പോഴാണ് കെ‌ജ്‌രിവാള്‍ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. പക്ഷേ 27നെതിരെ 42 വോട്ടുകള്‍ക്ക് ബില്ലിന്‍റെ അവതരണാനുമതി പ്രമേയം വോട്ടിനിട്ട് തള്ളി.

കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ബില്‍ അവതരിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി ലഫ്. ഗവര്‍ണര്‍ രാവിലെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളി മുന്നോട്ടുപോകാന്‍ ആം ആദ്മി സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഭരണഘടനാവിരുദ്ധമായ നടപടികളെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബില്ലിന്‍റെ പേരില്‍ ആം ആദ്മി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സര്‍ക്കാറിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വ്യക്തമാക്കി. സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും ലക്‍ഷ്യമെന്ന് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക