അരവിന്ദ് കെജ്‌രിവാള്‍ ചൂലെടുത്തു; അഴിമതി ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

ഞായര്‍, 29 ഡിസം‌ബര്‍ 2013 (09:17 IST)
PTI
ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം അരവിന്ദ് കെജ്‌രിവാള്‍ ചൂലെടുത്തു തുടങ്ങി. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പേരില്‍ വിവാദങ്ങളില്‍പ്പെട്ട ഡല്‍ഹി ജല ബോര്‍ഡ് സിഇഒ ദെബാശ്രി മുഖര്‍ജിയടക്കം ഒന്‍പത് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

ഇന്ന് ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് എഎപി സര്‍ക്കാര്‍ ആദ്യ സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ജല ബോര്‍ഡ് സിഇഒയെ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലേക്കും, പവര്‍ സെക്രട്ടറി ആര്‍.കെ. വര്‍മ്മയെ വിദ്യാഭ്യാസ വകുപ്പിലേക്കും, ഫിനാന്‍സ് സെക്രട്ടറി എംഎം കുട്ടിയെ സോഷ്യല്‍ വെല്‍ഫെയര്‍ വകുപ്പിലേക്കുമാണ് സ്ഥലം മാറ്റം നല്‍കിയിരിക്കുന്നത്.

അധികാരമേറ്റെടുത്ത ശേഷം കെജ്‌രിവാള്‍ ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അധികാരത്തില്‍ എത്തുന്നതിന് മുന്‍പ് തന്നെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക കെജ്‌രിവാളും സംഘവും ചേര്‍ന്ന് തയാറാക്കിയിരുന്നതായാണ് സൂചന.

എഎപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന പ്രശ്‌നങ്ങളിലൊന്നാണ് ഡല്‍ഹിയിലെ ജല വിതരണ പ്രശ്‌നം. അതേസമയം ജനുവരി രണ്ടിന് എഎപി സര്‍ക്കാര്‍ ഡല്‍ഹി നിയമസഭയില്‍ വിശ്വാസ വോട്ട് തേടും.

വെബ്ദുനിയ വായിക്കുക