അമ്മയുടെ കാമുകനെ മകന്‍ വെട്ടിക്കൊന്നു !

ശനി, 25 ഓഗസ്റ്റ് 2012 (11:37 IST)
PRO
PRO
അമ്മയുടെ കാമുകനെ കൊന്ന മകനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കോയമ്പത്തൂര്‍ ജില്ലയില്‍ ഓണ്ടിപുതുര്‍ പ്രദേശത്ത് കമ്പര്‍നഗറിലാണ് സംഭവം. 19 വയസുകാരനായ വെള്ളാദുരൈ ഏലിയാസ് രാജയാണ് തന്റെ അമ്മയുടെ കാമുകനായ കാര്‍ത്തികേയനെ കൊലപ്പെടുത്തിയത്.

സഹോദരിക്കും അമ്മ മഹേശ്വരിക്കുമൊപ്പം കാര്‍ത്തികേയന്റെ വീടിന് അടുത്തുള്ള ഫാമിലെ വാടക വീട്ടിലാണ് രാജ താമസിച്ചിരുന്നത്. മഹേശ്വരിയും കാര്‍ത്തികേയനും ഇതിനിടയില്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്നു. കൊല നടന്ന ദിവസം സിനിമ കണ്ട് മടങ്ങി വന്ന രാജ തന്റെ അമ്മയെയും കാര്‍ത്തികേയനെയും കാണാന്‍ പാടില്ലാത്തതരത്തില്‍ കണ്ടു. തുടര്‍ന്നാണ് രാജ കാര്‍ത്തികേയനെ വകവരുത്താന്‍ തീരുമാനിച്ചത്.

കാര്‍ത്തികേയന്‍ വീടിന് പുറത്ത് വരുന്നതുവരെ രാജ കുറ്റിച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്നു. കാര്‍ത്തികേയന്‍ തന്റെ ബൈക്കില്‍ ഇടവഴിയിലൂടെ വന്നപ്പോള്‍ രാജ മുന്നില്‍ ചാടി വീഴുകയും വെട്ടി നുറുക്കുകയുമാ‍യിരുന്നു. തുടര്‍ന്ന് രാജ മൃതദേഹം ഫാമിനോട് ചേര്‍ന്ന് കുഴിച്ചിടുകയായിരുന്നു. കേസ് വഴിതെറ്റിക്കാനായി കാര്‍ത്തികേയന്റെ ബൈക്ക് തിരുനാവുക്കരസില്‍ ഫാമിന്റെ ഉടമസ്ഥന്റെ വീടിനു സമീപം ഉപേക്ഷിക്കുകയായിരുന്നു.

ഫാമിന്റെ ഉടമസ്ഥനും കാര്‍ത്തികേയനും തമ്മില്‍ വഴക്ക് നടന്നുവെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് രാജ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. തന്റെ മകനെ കാണാത്തതിനെ തുടര്‍ന്ന് കാര്‍ത്തികേയന്റെ അമ്മ സത്യഭാമ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം ഫാമില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ ആദ്യം രാജയെ സംശയിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് രാജയെ പ്രദേശത്ത് നിന്ന് കാണാതായതിനെ തുടര്‍ന്ന് അന്വേഷണം രാജക്കെതിരെ തിരിഞ്ഞു.

അന്വേഷണത്തിനൊടുവില്‍ പൊലീസ് രാജയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. രാജയുടെ പക്കല്‍ നിന്നും കാര്‍ത്തികേയന്റെ ബ്രേസ്‌ലൈറ്റ്, രണ്ട് മോതിരങ്ങള്‍ എന്നിവ കണ്ടെടുത്തു. കൊലപാതകം നടത്താന്‍ സഹായികളുണ്ടായിരുന്നൊയെന്ന് അന്വേഷിച്ച് വരുന്നതായി കമ്മിഷണര്‍ ഹേമ കരുണാകരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക