അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റെന്ന് ശശി തരൂര്‍

തിങ്കള്‍, 9 ഫെബ്രുവരി 2015 (16:45 IST)
അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയ രീതി ശരിയായില്ലെന്ന് ശശി തരൂര്‍ എം പി. ട്വിറ്ററിലാണ് തരൂര്‍ ഇക്കാര്യത്തിലുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്. 
 
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായിപ്പോയി. ആ വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ല. അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കാതിരുന്നത് ശരിയായില്ലെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. കുടുംബാംഗങ്ങള്‍ക്ക് അവസാന കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കണമായിരുന്നു എന്നും തരൂര്‍ പറയുന്നു.
 
ജമ്മു കശ്മീരിലെ അഞ്ച് കോണ്‍ഗ്രസ് എം എല്‍ എമാര്‍ അഫ്‌സല്‍ ഗുരുവിന്റെ വധം തെറ്റാണെന്ന് പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് തരൂരിന്റെ ട്വീറ്റ്. ഗുലാം നബി ആസാദിന് രാജ്യസഭയിലേക്ക് വോട്ടുകിട്ടാനാണ് അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ മാപ്പു പറഞ്ഞതെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞുള്ള ട്വീറ്റിന് മറുപടിയായാണ് തരൂരിന്റെ വിവാദ ട്വീറ്റ്. 
 
പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായിരുന്ന അഫ്‌സല്‍ ഗുരുവിനെ 2013 ഫെബ്രുവരി ഒമ്പതിനായിരുന്നു തൂക്കിലേറ്റിയത്. 2006ല്‍ സുപ്രീംകോടതി വധശിക്ഷ വിധിച്ച അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി തള്ളിയ ഉടനെയായിരുന്നു അന്നത്തെ യു പി എ സര്‍ക്കാര്‍ ശിക്ഷ നടപ്പിലാക്കിയത്.

വെബ്ദുനിയ വായിക്കുക