അഫ്സല്‍ ഗുരുവിന്റെ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
തിങ്കള്‍, 18 ഫെബ്രുവരി 2013 (17:07 IST)
PTI
PTI
പാര്‍ലമെന്റ് ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹം വിട്ടുകൊടുക്കാന്‍ സര്‍ക്കാരിന് യാതൊരു പദ്ധതിയുമില്ല. ജമ്മു കശ്മീര്‍ സര്‍ക്കാരിനെ ഇക്കാര്യം വൈകാതെ അറിയിക്കും.
ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് കൂടിയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷം ഈ വിഷയത്തില്‍ അന്തിമതീരുമാനം വ്യക്തമാക്കും.
മൃതദേഹം വിട്ടുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു എന്ന് അഫ്സല്‍ ഗുരുവിന്റെ ഭാര്യ പറഞ്ഞതായി കശ്മീരില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മൃതദേഹം ഒരാഴ്ചയ്ക്കകം കശ്മീരില്‍ എത്തിക്കാനാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട് എന്നും ഭാര്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
അഫ്സല്‍ ഗുരുവിന്റെ മൃതദേഹം തിഹാര്‍ ജയില്‍ വളപ്പില്‍ തന്നെയാണ് സംസ്കരിച്ചത്. അഫ്സല്‍ ഗുരുവിന്റെ കബറിടം സന്ദര്‍ശിക്കാന്‍ കുടുംബത്തെ അനുവദിച്ചേക്കും എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ ഡല്‍ഹിയ്ക്ക് പോകുന്നെങ്കില്‍ അത് അഫ്സല്‍ ഗുരുവിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ വേണ്ടി മാത്രമായിരിക്കും എന്നാണ് ബന്ധുക്കള്‍ ഇതിനോട് പ്രതികരിച്ചത്.