അഫ്സലിന്റെ ദയാഹര്‍ജി രാഷ്ടപതിക്ക് അയച്ചില്ല

ബുധന്‍, 23 ഫെബ്രുവരി 2011 (18:15 IST)
PRO
പാര്‍ലമെന്‍റ് ആക്രമണക്കേസ് പ്രതി അഫ്സല്‍ ഗുരുവിന്‍റെ ദയാ ഹര്‍ജി ഇപ്പോഴും രാഷ്‌ട്രപതിയുടെ മുന്നില്‍ എത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം. 25 ദയാ ഹര്‍ജികളില്‍ 23 എണ്ണം ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ അഫ്സലിന്റേത് ഇപ്പോഴും മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി അംഗം എസ് എസ് അലുവാലിയയുടെ ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

എന്നാല്‍, ഈ വിഷയത്തെ ചൊല്ലി ചിദംബരവും ശിവസേന അംഗം മനോഹര്‍ ജോഷിയും തമ്മില്‍ രാജ്യസഭയില്‍ വാക്കേറ്റമുണ്ടായി. ന്യൂനപക്ഷക്കാരനായതിനാലാണു അഫ്സല്‍ ഗുരുവിനെതിരേ കേന്ദ്രം നടപടിക്കു മുതിരാത്തതെന്ന ജോഷിയുടെ പ്രസ്താവനയാണു ബഹളത്തിനു കാരണമായത്. ന്യൂനപക്ഷ പ്രീണനമാണ് ഇതെന്നു ജോഷി വാദിച്ചു.

ജോഷിയുടെ പ്രസ്താവന ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ചിദംബരം രംഗത്തുവന്നതോടെയാണ് വാക്കേറ്റമുണ്ടായത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വീഴ്ചയല്ല ശിക്ഷ വൈകാന്‍ കാരണം. അഫ്സലിന്‍റെ ദയാഹര്‍ജിയുടെ കാര്യം നിരവധി തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ചിദംബരം വ്യക്തമാക്കി.

പട്ടികയില്‍ പതിനെട്ടാമതായാണ് അഫ്സല്‍ ഗുരുവിന്‍റെ പേരുള്ളതെന്ന് ചിദംബരം പറഞ്ഞു. 2006 ഒക്‍ടോബര്‍ മൂന്നിനാണ് അഫ്സല്‍ ഗുരുവിന്‍റെ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. 1998 - 2008 കാലയളവില്‍ 28 ദയാ ഹര്‍ജികളാണ് രാഷ്‌ട്രപതിക്കയച്ചത്. എന്നാല്‍, രണ്ടെണ്ണത്തില്‍ മാത്രമാണ് തീരുമാനം കൈക്കൊണ്ടതെന്നും ചിദംബരം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക