അപകടത്തില്‍പ്പെട്ട ലോറിയില്‍ മോഷണം നടത്തുന്നതിനിടെ ലോറി മറിഞ്ഞ് ഒന്‍പത് മരണം

ചൊവ്വ, 17 ഡിസം‌ബര്‍ 2013 (10:21 IST)
PTI
അപകടത്തില്‍പ്പെട്ട ലോറിയില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം ജനക്കൂട്ടത്തിനിടയിലേക്ക് മറിഞ്ഞ് ഒമ്പതുപേര്‍ മരിച്ചു. ഛത്തീസ്ഗഢിലെ ദുര്‍ഗാ ജില്ലയിലാണ് അപകടം നടന്നത്.

തുണിത്തരങ്ങള്‍ കയറ്റിയ ലോറി ഞായറാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ സ്ഥലത്തെത്തിയ ഗ്രാമവാസികള്‍ ചരിഞ്ഞു നിന്നിരുന്ന ലോറിയില്‍ കയറി സാധനങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം മറിയുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് ലോറിക്കടിയില്‍പ്പെട്ടവരെ പുറത്തെടുത്തത്.

മരിച്ചവരില്‍ ഒരു സ്ത്രീയുമുള്‍പ്പെടുന്നു. പരുക്കേറ്റ മൂന്നുപേരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി രമണ്‍സിങ് മരിച്ചവരുടെ കുടുംബത്തിന് അരലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 15,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

വെബ്ദുനിയ വായിക്കുക