അനധികൃത സ്വത്ത്‌ സമ്പാദന കേസ്: ജഗന്‍മോഹന്‍ റെഡ്‌ഡിക്ക്‌ ഉപാധികളോടെ ജാമ്യം

തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2013 (19:47 IST)
PRO
PRO
അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ നേതാവും എംപിയുമായ ജഗന്‍മോഹന്‍ റെഡ്‌ഡിക്ക്‌ ഉപാധികളോടെ ജാമ്യം. ഹൈദരാബാദ്‌ കോടതിയാണ്‌ ജാമ്യം അനുവദിച്ചത്‌. 16 മാസത്തെ ജയില്‍വാസത്തിന്‌ ശേഷം മോചിതനാകുന്ന അദ്ദേഹം നാളെ ഉച്ചയോടെ പുറത്തുവരും.

ഹൈദരാബാദ്‌ വിട്ടു പോകരുത്‌, രണ്ട്‌ ലക്ഷം രൂപയുടെ മൂല്യം വരുന്ന ഈട്‌ എന്നിവയാണ്‌ ഉപാധികള്‍ . അനധികൃതമായി സ്വത്ത്‌ സമ്പാദനം നടത്തിയെന്ന കുറ്റത്തിന്‌ കഴിഞ്ഞ മെയ്‌ 27 നാണ്‌ ജഗന്‍മോഹനെ സിബിഐ അറസ്‌റ്റ് ചെയ്‌തത്‌. ജഗന് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന സിബിഐയുടെ വാദം കോടതി തള്ളി. ജഗന് ജാമ്യം ലഭിച്ച വാര്‍ത്ത അണികള്‍ ജയിലിന് മുന്നില്‍ പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്.

ജഗനെതിരെ ചുമത്തിയ 10 കുറ്റങ്ങളില്‍ അഞ്ചിലും സിബിഐ ഈ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിതാവ്‌ രാജശേഖരറെഡ്‌ഡി ആന്‌ധ്രാപ്രദേശ്‌ മുഖ്യമന്ത്രിയായിരിക്കെ സ്വകാര്യവ്യക്‌തികളില്‍ നിന്നും സ്‌ഥാപനങ്ങളില്‍ നിന്നും ധനസമ്പാദനം നടത്തിയെന്നാണ്‌ കുറ്റം. അന്വേഷണം പൂര്‍ത്തിയായാല്‍ റെഡ്‌ഡിക്ക്‌ ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്ന്‌ സുപ്രീംകോടതി മെയ്‌ 9 ന്‌ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക