ആഗസ്ത് ആറിന് പൂഞ്ചില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലല്ലെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വെടിയേറ്റത് ഉറക്കത്തിലാണെന്ന് ഇന്ത്യന്‍ കരസേന നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ കൊല്ലപ്പെട്ട ദിവസം പൂഞ്ചില്‍ യാതൊരുവിധ ഏറ്റുമുട്ടലും നടന്നിട്ടില്ലെന്നും സൈനികരെ തൊട്ടടുത്തുവച്ചാണ് വെടിവെച്ചതെന്നും സൈന്യം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതായി ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
നെഞ്ചില്‍ വെടിയേറ്റതിനാല്‍ ആ സമയം സൈനികര്‍ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നു വേണം മനസ്സിലാക്കാനെന്നും രജൗറി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 25 ഡിവിഷന് കമാന്‍ഡര്‍ നടത്തുന്ന അന്വേഷണത്തില്‍ സൂചനകളുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരണം ലഭിച്ചിട്ടില്ല.