“യേശുദാസ് കാലത്തെ അതിജീവിക്കും”

ബുധന്‍, 29 ജൂലൈ 2009 (13:13 IST)
PRO
PRO
“യേശുദാസ് കാലത്തെ അതിജീവിക്കും” - പറയുന്നതു മറ്റാരുമല്ല. മലയാളത്തിന്‍റെ സ്വന്തം സക്കറിയ. സാഹിത്യകാരന്‍‌മാരെയും കലാകാരന്‍‌മാരെയും വിഗ്രഹവത്കരണം എങ്ങനെ ദോഷകരമായി ബാധിക്കും എന്ന് പരിശോധിച്ചുകൊണ്ട് മലയാളത്തിലെ ഒരു പ്രമുഖ വാരികയിലെഴുതിയ ലേഖനത്തിലാണ് യേശുദാസ് വിഗ്രഹവത്കരിക്കപ്പെട്ടെങ്കിലും കാലത്തെ അതിജീവിക്കുന്ന ജീനിയസാണെന്ന് സക്കറിയ വിലയിരുത്തുന്നത്.

വൈക്കം മുഹമ്മദ് ബഷീറിനെ വിഗ്രഹവത്കരണം എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്ന് വെളിപ്പെടുത്തുന്ന ലേഖനത്തിലാണ് യേശുദാസിന്‍റെ പ്രതിഭയെ വിഗ്രഹവത്കരണത്തിനും അതീതമായി സക്കറിയ പ്രതിഷ്‌ഠിക്കുന്നത്. ശൂന്യതയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട വിഗ്രഹമല്ല യേശുദാസ് എന്ന് സക്കറിയ വിലയിരുത്തുന്നു.

“പി ഭാസ്കരനും വയലാറും ഒ എന്‍ വിയും ദേവരാജനും ബാബുരാജും മറ്റ് സംഗീതപ്രതിഭകളും ചേര്‍ന്ന് ചരിത്രത്തിലാദ്യമായി മലയാളികള്‍ക്ക് ഒരു ജനകീയ സംഗീത സംസ്കാരം നല്‍കിയപ്പോള്‍ അതിന് മലയാളിത്തം തുളുമ്പുന്ന ഒരു ശബ്ദം നല്‍കാന്‍ സാധിച്ചതാണ് യേശുദാസിനെ വിഗ്രഹമാക്കിത്തീര്‍ക്കുന്നത്. മലയാളികള്‍ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം ആ ഗാനങ്ങള്‍ കേള്‍ക്കാനും കേള്‍വി തുടരാനും വളരാനുമാണ് സാധ്യത.” - സക്കറിയ എഴുതുന്നു.

വിഗ്രഹവത്കരണം സാധാരണ എല്ലാ കലാകാരന്‍‌മാര്‍ക്കും ദോഷമായി മാറുമെന്ന് സക്കറിയ നിരീക്ഷിക്കുന്നു. ‘വിഗ്രഹമാണ് യഥാര്‍ത്ഥ താന്‍’ എന്ന് വിശ്വസിച്ചുവശാകുകയാണ് കലാകാരന്‍‌മാര്‍. എന്നാല്‍ ഈ ദോഷങ്ങളെയെല്ലാം മറികടന്ന്, ഇതേവരെയെന്നപോലെ കാലത്തെ വളരെക്കാലം അതിജീവിക്കാന്‍ യേശുദാസ് എന്ന വിഗ്രഹത്തിന് കഴിയും - സക്കറിയ പറയുന്നു.

വെബ്ദുനിയ വായിക്കുക