സര്‍വസകലകലാവല്ലഭനായ സ്വാതി

"ഗര്‍ഭശ്രീമാനാ'യ സ്വാതിതിരുനാളിന്‍റെ ജയന്തിയാണ് ഏപ്രില്‍ 16. അധികാരത്തിന്‍റെ കാര്‍ക്കശ്യത്തില്‍ സാഹിത്യത്തിനും സംഗീതത്തിനും കലയ്ക്കും പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞ സകലകലാവല്ലഭനായി രുന്നു സ്വാതിതിരുനാള്‍

കലാകാരന്മാരില്‍ രാജാവും രാജാക്കന്മാര്‍ക്കിടയില്‍ കലാകാരനുമായിരുന്നു സ്വാതിതിരുനാള്‍. തിരുവിതാംകൂറിന്‍റെ സുവര്‍ണയുഗം സ്വാതിതിരുനാളിന്‍റെ ഭരണകാലമായിരുന്നു. അധികാരത്തില്‍ പതിരിന്‍റെ അംശം തെല്ലും കലര്‍ത്താത്ത പൊന്നുതന്പുരാന്‍ . സാഹിത്യ സംഗീത കലാദികളറിയുന്ന, അവയെ ബഹുമാനിക്കുന്ന സകലകലാവല്ലഭന്‍.

1809 ഏപ്രിലില്‍ ചങ്ങനാശേരി രാജാരാജവര്‍മ കോയിത്തന്പുരാന്‍റെയും തിരുവിതാംകൂര്‍ മഹാറാണി ലക്സ്മിഭായി തന്പുരാട്ടിയുടെയും രണ്ടാമത്തെ പുത്രനായി സ്വാതിതിരുനാള്‍ ജനിച്ചു.ചോതി (സ്വാതി) നക്ഷത്രത്തില്‍ ജനിച്ചതിനാല്‍ സ്വാതി തിരുനാളെന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര് രാമവര്‍മ എന്നാണ്.

രാജകുടുംബത്തില്‍ പുരുഷസന്താനമില്ലാതിരുന്നതിനാല്‍ സ്വാതിയെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് അമ്മ മഹാറാണി രാജ്യം ഭരിച്ചു. അങ്ങനെ ഗര്‍ഭാവസ്ഥയില്‍ രാജാധികാരം ലഭിച്ചതുകൊണ്ടാണ് "ഗര്‍ഭശ്രീമാന്‍' എന്ന പേരു കിട്ടിയത്. മലയാളം, സംസ്കൃതം, തെലുങ്ക്, കര്‍ണാടകം, മറാത്തി, ഹിന്ദി എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ സ്വാതിതിരുനാളിനു കഴിയുമായിരുന്നു.


രാജ്യതന്ത്രം, സംഗീതം, ഗണിതം എന്നീ ശാസ്ത്രങ്ങളിലും അദ്ദേഹം തല്പരനായിരുന്നു. തഞ്ചാവൂരില്‍ നിന്നും വന്ന ഇംഗ്ളീഷ് സുബ്ബരായരില്‍നിന്ന് ഇംഗ്ളീഷ് ഭാഷ അഭ്യസിച്ച സ്വാതി തഞ്ചാവൂര്‍, പുതുക്കോട് എന്നിവിടങ്ങളില്‍ നിന്ന് ക്ഷണിച്ചുവരുത്തിയ ഗായകരില്‍ നിന്നും കര്‍ണാടകസംഗീതം അഭ്യസിച്ചു.

16-ാം വയസില്‍ രാജ്യഭാരം ഏറ്റെടുത്തു. ഭരണകര്‍ത്താവെന്ന നിലയിലേതിനേക്കാള്‍ അദ്ദേഹത്തിന് പ്രശസ്തി സംഗീതചക്രവര്‍ത്തിയായാണ്. ആദ്യമായി ഹിന്ദിയില്‍ കൃതികള്‍ രചിച്ച കേരളീയനായിരുന്നു സ്വാതി.

തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക് ഡല്‍ഹിയിലെയും ആര്‍ക്കോട്ടിലെയും നവാബുമാരുമായി സംവദിക്കാന്‍ പേര്‍ഷ്യന്‍, ഹിന്ദി എന്നീ ഭാഷകളില്‍ അവഗാഹം അത്യാവശ്യമായിരുന്നു. അങ്ങനെയാണ് സ്വാതിരുനാള്‍ ഹിന്ദിയില്‍ പ്രവീണനായത്. മേരുഗോസ്വാമി എന്ന ഹിന്ദുസ്ഥാനി ഗായകന്‍റെ സഹായത്തോടെ അദ്ദേഹം ഹിന്ദുസ്ഥാനിയും പഠിച്ചതായി ചരിത്രം പറയുന്നു.

നാട്ടില്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം നടപ്പില്‍വരുത്തുന്നതില്‍ സ്വാതിതിരുനാള്‍ നടത്തിയ ശ്രമങ്ങള്‍ ശ്ളാഘനീയമാണ്. അന്നോളം തമിഴില്‍ നടത്തിയിരുന്ന എഴുത്തുകുത്തുകള്‍ മലയാളത്തിലാക്കുക, ഇംഗ്ളീഷ് ചികിത്സാ സന്പ്രദായത്തെ പ്രേത്സാഹിപ്പിക്കുക എന്നീ ആശയങ്ങള്‍ തിരുവിതാംകൂറില്‍ അദ്ദേഹം പ്രാവര്‍ത്തികമാക്കി.

സംഗീതത്തില്‍ അഗാധപണ്ഡിത്യം നേടിയ ഇദ്ദേഹം വടിവേലു, ചിന്നയ്യ, പൊന്നയ്യ, ശിവാനന്തം എന്നീ നട്ടുവ ഗായകരെ തഞ്ചാവൂരില്‍നിന്ന് തിരുവനന്തപുരത്ത് വരുത്തി താമസിപ്പിക്കുകയും സംഗീതരചനയ്ക്കും ആലാപനത്തിനും നൃത്യാവിഷ്കരണത്തിനും പ്രോത്സാഹനം നല്കുകയും ചെയ്തു.


തഞ്ചാവൂര്‍ രങ്കയ്യര്‍, സുലൈമാന്‍ സാഹിബ് എന്നീ സംഗീതജ്ഞര്‍, ചിന്താമണി, രഘുനാഥറാവു തുടങ്ങിയ വാദ്യവിദワര്‍, തഞ്ചാവൂരിലെ ഹരികഥാവിദワനായ മേരുസ്വാമി തുടങ്ങിയ കലാകാരന്മാരും സ്വാതിതിരുനാളിന്‍റെ ക്ഷണമനുസരിച്ച് തിരുവനന്തപുരത്തു വന്നു തങ്ങി കലാപ്രവര്‍ത്തനം നടത്തിയിരുന്നു.

മേരുസ്വാമിയെക്കൊണ്ട് കേരളത്തില്‍ ഹരികഥാകാലക്ഷേപം പ്രചരിപ്പിക്കാന്‍ ആഗ്രഹിച്ച സ്വാതിതിരുനാള്‍ അതിനായി കൃതികള്‍ രചിച്ചു.

വടിവേലുവിന്‍റെ സഹായത്തോടുകൂടി ഭരതനാട്യം പ്രചരിപ്പിക്കുക. മോഹനിയാട്ടം ശാസ്ത്രീയമായി വികസിപ്പിക്കുക, സ്വയം പദങ്ങളും വര്‍ണങ്ങളും തില്ലാനകളും രചിച്ച് ഈ നൃത്തകലകള്‍ക്ക് പ്രേത്സാഹനം നല്കുക എന്നിവയും സ്വാതിതിരുനാളിന്‍റെ കലാപ്രവര്‍ത്തനങ്ങളില്‍ പെടുന്നു. നൃത്യകലാവികസനത്തിനായി തമിഴ്നാട്ടില്‍ നിന്ന് രണ്ട് ദേവദാസികളെയും ഇദ്ദേഹം വരുത്തുകയുണ്ടായി.

പ്രസിദ്ധ കേരളീയ ഗായകനായ ഷഡ്കാലഗോവിന്ദമാരാരും ഇദ്ദേഹത്തിന്‍റെ പ്രോത്സാഹനത്തിനു പാത്രമായി. സംസ്കൃതം, മലയാളം, തെലുങ്ക്, കന്നഡ, മറാഠി, ഹിന്ദുസ്ഥാനി എന്നീ ഭാഷകളില്‍ ഇദ്ദേഹം അസംഖ്യം കൃതികള്‍ രചിച്ചു. 60-ല്‍ പരം പദങ്ങള്‍, അനേകം വര്‍ണങ്ങള്‍, ഇരുന്നൂറിലേറെ കീര്‍ത്തനങ്ങള്‍, ഏതാനും തില്ലാനകളും ജതിസ്വരങ്ങളും എന്നിവയ്ക്കു പുറമെ ഹിന്ദുസ്ഥാനി തനി മാതൃകയിലുള്ള ഏതാനും കൃതികളും അദ്ദേഹത്തിന്‍റെ രചനകളില്‍ പെടുന്നു. സ്വാതിതിരുനാളിന്‍റെ ഉത്സവപ്രബന്ധം, അജാമിളോപാഖ്യാനം, കുചേലോപാഖ്യാനം, മധ്യമകാലകീര്‍ത്തനങ്ങള്‍ എന്നീ രചനകള്‍ പ്രസിദ്ധങ്ങളാണ്.

സംസ്കൃതം, ഹിന്ദി, മലയാളം, തെലുങ്ക് എന്നീ ഭാഷകളില്‍ കൃതികള്‍ രചിച്ചു .സൈന്ധവി, ഗോപികാവസന്തം, ലളിത പഞ്ചമം, ഖട്ട്, ചര്‍ച്ചരി, വിഭാസ് എന്നീ രാഗങ്ങളായിരുന്നു മുഖ്യം. പദവര്‍ണങ്ങള്‍, താനവര്‍ണങ്ങള്‍, സ്വരജതികള്‍, കീര്‍ത്തനങ്ങള്‍, പദങ്ങള്‍, തില്ലാനകള്‍, ജാവളികള്‍ എന്നിവയ്ക്കു പുറമേ ദ്രുപദ്, ടപ്പ, ഖയാല്‍, ഭജന്‍ എന്നിവയിലും കൃതികള്‍ രചിച്ചു.


കല്യാണി, ബേഗഡ, അഠാണ, സുരുട്ടി, തോടി രാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാഗമാലികാസ്വരജതി സ്വാതി തിരുനാളിന്‍റേതായുണ്ട്.

പദ്മനാഭനെ കൂടാതെ ശിവന്‍, സുബ്രഹ്മണ്യന്‍, ഗണപതി എന്നിവരെയും ഭജിച്ച സ്വാതിതിരുനാള്‍ ഭജിച്ചു.പദ്മനാഭ, സരസിജനാഭ, ജലജനാഭ എന്നിങ്ങനെയുള്ള പദങ്ങളാണ് ആ കൃതികള്‍ തിരിച്ചറിയാന്‍ സഹായമാവുന്നത്.

350 ലധികം കൃതികള്‍ രചിച്ചു.

നവരാത്രിദിനത്തില്‍ കുതിരമാളികയില്‍ നടത്തുന്ന സ്വാതിസംഗീതോത്സവത്തില്‍ 9 ദിവസങ്ങളിലായി ഇരുപതു രാഗങ്ങള്‍ ആലപിക്കുന്നു. പ്രശസ്തരാണ് ഇതില്‍ പങ്കെടുക്കുന്നവരെല്ലാം.

സര്‍ക്കാര്‍ അച്ചുകൂടം, നക്ഷത്രബംഗ്ളാവ് എന്നിവ തിരുവനന്തപുരത്തു സ്ഥാപിച്ചതും സ്വാതിതിരുനാളാണ്.

നാലഞ്ചു വരികളിലൊതുങ്ങുന്ന ചെറുഗീതങ്ങള്‍ മുതല്‍, സ്ത്രോത്രങ്ങള്‍ വരെ അദ്ദേഹം ഹിന്ദിയില്‍ എഴുതി. വിവിധ ഹിന്ദുസ്ഥാനി രാഗങ്ങളെ അടിസ്ഥാനമാക്കി എഴുതപ്പെട്ട അവയ്ക്ക് സാഹിത്യമൂല്യവും സംഗീതവുമുണ്ട്.

ശ്രീകൃഷ്ണനെ വാഴ്ത്തുന്നവയായിരുന്നു ഭൂരിഭാഗവും. അതുതന്നെ ബാലലീല, രാസക്രീഡ, ഗോപീസംവാദം എന്നിവയും.. സൂര്‍ദാസിന്‍റെ ശൈലിയുടെ സ്വാധീനം പ്രകടിപ്പിക്കുന്ന ആ കൃതികളുടെ ഭാഷ ദക് ഖിനിയുടെയും വജ്രഭാഷയുടെയും മിശ്രതമായിരുന്നു.

സദസ്യര്‍

ഇരയിമ്മന്‍ തന്പി, വിദ്വാന്‍ കോയിത്തന്പുരാന്‍, പരമേശ്വര്‍ ഭാഗവതര്‍, ഗോവിന്ദമാരാര്‍, കോകില കണ്ഠമേരു സ്വാമി, തഞ്ചാവൂര്‍ സഹോദരന്മാരായ പൊന്നയ്യ, ചിന്നയ്യ, വടിവേലു. ശിവാനന്ദം, ചോളപുരം രഘുനാഥരായര്‍, സുലൈമാന്‍, ഖാദര്‍ സാഹിബ്, അലാവുദ്ദിന്‍




സ്വാതിതിരുനാള്‍ കൃതികള്‍

കൃതി
രാഗം
താളം

അദ്രിസുതവര
സാവേരി
ആദി

ആഞ്ജനേയ
സാവേരി
രൂപകം

ഭവയേ ഗോപ
പുᅲലതിക
രൂപകം

ഇതു സാഹസ
സൈന്ധവി
ആദി

ജഗദീശസദാമാമവ
നാട്ടുകുറിഞ്ഞി
ആദി

കലയാമി ശ്രീരാമം
ധന്യാസി
രൂപകം

പദ്മനാഭ പാഹി
ഹിന്ദോളം
ആദി

വിരഹമാനസസദാ
ശുദ്ധഭൈരവി
ആദി

വന്ദേ സദാപദ?
നവരസകാനഡ
ആദി

കലയേ പര്‍വതിനാഥം
ശങ്കരാഭരണം
മിശ്രചാപ്


വെബ്ദുനിയ വായിക്കുക