തപസായിരുന്നു വിജയന്‍റെ ജീവിതം.ഒരിക്കല്‍ തലച്ചോറില്‍ കടന്നുകൂടിയ വിശ്വാസ സംഹിതകള്‍ ജീവിതത്തിന്‍റെ അവസാനം വരെ അദ്ദേഹം സൂക്ഷിച്ചില്ല.മനുഷ്യസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന എല്ലാ പ്രത്യയ ശാസ്ത്രങ്ങളും വിജയന്‍ കീറി പരിശോധിച്ചു.തനിക്ക് പറ്റിയ തെറ്റുകള്‍ തിരുത്താന്‍ വിജയന്‍ തയ്യാറായി.
ഒരിക്കല്‍ അദ്ധ്യാപികമാരെ കുറിച്ച് മോശപ്പെട്ട കഥകള്‍ എഴുതിയ വിജയന്‍ പിന്നീട് ഗുരുവിന്‍റെ മഹത്വം ഉദ്ഘോഷിക്കുന്ന ഗുരു സാഗരം എഴുതി.ഭൗതികജീവിതത്തിന് അപ്പുറത്തേക്ക് അദ്ദേഹത്തിന്‍റെ ചിന്തകള്‍ എപ്പോഴും സഞ്ചരിച്ചു.
ജനനം , മരണം,രതി തൂടങ്ങിയവയെക്കുറിച്ചുള്ള ഉത്തരങ്ങള്‍ മതത്തിന് തരുവാന്‍ കഴിയുമെന്ന് വിജയന്‍ വിശ്വസിച്ചു.
അദ്ദേഹത്തിന് ആരും അന്യരല്ലായിരുന്നു.അതു കൊണ്ടായിരുന്നു സിമി പോലുള്ള സംഘടന യുടെ ചടങ്ങുകളില്‍ വിജയന്‍ പങ്കെടുക്കാനുള്ള കാരണം.
യാതൊരു ഉപാധിയുമില്ലാത്ത സംവാദങ്ങള്‍ക്ക് മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്ന് വിജയന്‍ മനസ്സിലാക്കിയിരുന്നു.മാര്‍കിസ്റ്റുകളുമായി തൂറന്ന സംവാദത്തിന് വിജയന്‍ തയ്യാറായിരുന്നുവെങ്കില്ലും അവര്‍ തയ്യാറായിരുന്നില്ല.
മലയാളികള്‍ മനസ്സിലാകാത്ത തിനെക്കുറിച്ചും എത്രനേരം വേണമെങ്കില്ലും സംസാരിക്കാന്‍ തയ്യാറാണ്.അതു കൊണ്ടാണ് ഖസാക്കിന്‍റെ ഇതിഹാസത്തിനെ ദാര്‍ശനികതയൂടെ കാല്‍പ്പനികവല്‍ക്കരണമായിട്ട് ചില ബുദ്ധി ജീവികള്‍ ചൂണ്ടിക്കാട്ടിയത്.
എം.കൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെട്ടതു പോലെ അമിതമായിട്ടുള്ള മൂല്യ നിര്‍ണ്ണയം ഈ കൃതിയുടെ ചൈതന്യത്തെ ഇല്ലാതാക്കും.കാരണം ശരിയായ ദിശയിലുള്ള പഠനത്തേക്കാള്‍ കൂടുതലായിട്ട് ശാഠ്യത്തിന്‍റെ കണ്ണാടിയിലൂടെയാണ് ചിലര്‍ ഖസാക്കിന്‍റെ ഇതിഹാസത്തെ നോക്കി കണ്ടിട്ടുള്ളത്.