മാരാര്‍ - സാഹിത്യത്തിലെ ഋഷിപ്രസാദം

മലയാള സാഹിത്യത്തിന്‍റെ ഋഷിപ്രസാദം - അതായിരുന്നു സാഹിത്യ വിമര്‍ശകനും പണ്ഡിതനുമായിരുന്ന കെ.എം കുട്ടികൃഷ്ണ മാരാര്‍. സാഹിത്യ നിരൂപണത്തിലും വിമര്‍ശനത്തിനും പ്രൗഡിയും പ്രസാദവും നല്‍കാന്‍ മാരാര്‍ക്ക് കഴിഞ്ഞു.

മാതൃഭൂമി പത്രത്തില്‍ ദീര്‍ഘകാലം പ്രൂഫ് റീഡറായിരുന്നു മാരാര്‍. അന്ന് പ്രൂഫ് വായനക്കാര്‍ക്ക് പത്രപ്രവര്‍ത്തകന്‍റെ പദവിയോ ബഹുമാനമോ ഇല്ലാതിരുന്നിട്ടും മാരാര്‍ അവിടെത്തന്നെ കഴിച്ചുകൂട്ടി. അത് ഭാഷാസേവനത്തിന്‍റെ മറ്റൊരു മുഖമായിരുന്നു. മലയാള പത്രഭാഷയെ ഓളവും തെളിവുമുള്ളതാക്കി മാറ്റുക എന്ന നിശബ്ദ കര്‍മ്മമായിരുന്നു മാരാര്‍ അനുഷ്ഠിച്ചത്.

പല നാടുകളില്‍ നിന്നും പല ശൈലികളിലും രീതികളിലും എഴുതിക്കിട്ടുന്ന സാഹിത്യ സൃഷ്ടികള്‍ ഭാഷാശുദ്ധി വരുത്തി മിനുക്കിയെടുത്ത മാരാര്‍ വെറും പ്രൂഫ് വായന നടത്തുകയായിരുന്നില്ല. എഡിറ്റിങ്ങ് എന്ന ജോലി തന്നെ അദ്ദേഹം നിര്‍വ്വഹിച്ചുപോന്നു. മാരാരുടെ പിന്തുണയാണ് അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിന് മേന്മ ഉണ്ടാക്കിക്കൊടുത്ത കാര്യങ്ങളിലൊന്ന്.

ലേഖകന്മാരുടെ റിപ്പോര്‍ട്ടുകളിലും മാരാര്‍ ചിലപ്പോള്‍ കൈവച്ചിരുന്നു. മാതൃഭൂമിയിലെ അനുഭവങ്ങളില്‍ നിന്നാണ് മലയാള ശൈലി എന്ന വ്യാകരണപ്രധാനമായ പുസ്തകം പിറന്നത്. ഭാഷാപരിചയം, വൃത്തശില്പം, ഭാഷാവൃത്തങ്ങള്‍ തുടങ്ങിയ പുസ്തകങ്ങളും അമൂല്യങ്ങളാണ്.


മാരാരുടെ ഭാരതപര്യടനം എന്ന പുസ്തകം മഹാഭാരതത്തിന്‍റെ വ്യാഖ്യാനമാണ്. പ്രൗഢമായ ഒരു സര്‍ഗ്ഗസൃഷ്ടി കൂടിയാണത്. കഥ പോലെ വായിച്ചു പോവുകയും ചെയ്യാം.

കല ജീവിതം തന്നെ, ഗീതാ പരിക്രമണം, രഘുവംശം, കുമാരസംഭവം, മേഘസന്ദേശം എന്നിവയുടെ വിമര്‍ശന വ്യാഖ്യാനങ്ങള്‍. രാമായണം, ഋഷിപ്രസാദം എന്നിവയാണ് പ്രധാന കൃതികള്‍. മരിക്കുന്നതിനല്പനാള്‍ മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ഭഗവാന്‍ ആയിരുന്നു മാരാരുടെ അവസാനത്തെ രചന.

കല ജീവിതം തന്നെയ്ക്ക് 1969 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

വള്ളത്തോളിന്‍റെ സെക്രട്ടറിയായി മാരാര്‍ കുറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. വള്ളത്തോളിന്‍റെ ഭാരതം പരിഭാഷയില്‍ മാരാരുടെ സേവനം ചെറുതല്ല. അതുപോലെ കലാമണ്ഡലം തുടങ്ങിയപ്പോള്‍ അവിടെ അധ്യാപകനായ മാരാരാണ് ആട്ടക്കഥകളെ സസൂഷ്മം വ്യാഖ്യാനിച്ച് അര്‍ത്ഥം പറഞ്ഞ് ആട്ടപ്രകാരം തയാറാക്കാന്‍ സഹായിച്ചത്.

പുന്നശേരി നീലകണ്ഠ ശര്‍മ്മ ശഭു ശര്‍മ്മ എന്നീ സംസ്കൃത പണ്ഡിതന്മാരുടെ ശിഷ്യനായിരുന്നു മാരാര്‍.

1973 ഏപ്രില്‍ നാലിന് അദ്ദേഹം അന്തരിച്ചു.

വെബ്ദുനിയ വായിക്കുക