ബാലാമണി അമ്മ-അത്രമേല്‍ വിശുദ്ധയായ കവയത്രി

FILEFILE
കവിതയിലും ജീവിതത്തിലും വിശുദ്ധിയും ലാളിത്യവും സൂക്ഷിച്ചിരുന്ന ബാലാമണിയമ്മ കേരളത്തിലെ എല്ലാവരുടെയും അമ്മയായിരുന്നു. മാതൃത്വത്തിന്‍റെ കവയത്രിയായിരുന്നു.

പരമ്പരാഗതമായ വ്യവഹാരങ്ങളില്‍ പ്രതിഷ് ഠിക്കപ്പെട്ടതില്‍ നിന്നും വ്യത്യസ്തമായ സ്ത്രീ കര്‍തൃത്വം നിര്‍മ്മിക്കുന്നതിനുവേണ്ടിയുള്ള ശ്രമമായിരുന്നു അവരുടെ കവിത.

അവരുടെ കവിതയില്‍ വിഗ്രഹഭഞ്ജനമോ സ്ത്രീ വാദമോ പാരമ്പര്യ ലംഘനമോ ഒന്നും പ്രകടമായി കാണാനാവില്ല. സ്ത്രൈണാനുഭവ കേന്ദ്രീകൃതമായ രചനയുടെ സൗരഭവും സൗഭഗ്യവുമാണ് അതില്‍ കാണുക. ആ കവിതകള്‍ വായിക്കുമ്പോള്‍ ഒരു തുളസിക്കതിരിന്‍റെ വിശുദ്ധിയാണനുഭവപ്പെടുക.

എന്നാല്‍ പലപ്പോഴും വരികള്‍ക്കിടയില്‍ അപൂര്‍വമായി വരികളിലും സ്ത്രീ സ്വാതന്ത്യത്തിന്‍റെ സന്ദേശം കാണനാവും.വിളിച്ചു കൂവലും അട്ടഹസിക്കലുമല്ല ബാലാമണിയമ്മയുടെ ശൈലി ഒതുക്കി പ്പറയുകയും കനക്കെ പറയുകയും ആണ്. അങ്ങനെ പറയുന്നതിന്‍റെ ശക്തി ഒന്ന് വേറെ തന്നെ .

വാത്സല്യം, സ്നേഹം, ഗാര്‍ഹികത, മാതൃത്വം തുടങ്ങി സ്ത്രൈണ സ്വഭാവവിശേഷതകളാണ് കവിതയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതോടൊപ്പം തന്നെ ഭക്തിയുടെയും ദാര്‍ശിനികതയുടേയും പലപ്പോഴും ദേശീയതയുടേയും ശക്തമായ അന്തര്‍ധാരയും കാണാം.

പുരുഷാധിപത്യം നിലനിന്നിരുന്ന മലയാള കാവ്യലോകത്ത് സ്ത്രീയുടേയും അമ്മയുടേയും അനുഭവവും സ്ത്രീസത്വവും ആവിഷ്കരിക്കാന്‍ ശ്രമിച്ച ആദ്യത്തെ മലയാള കവയത്രിയാണ് ബാലാമണിയമ്മ.

ഔപചാരികമായ സ്കൂള്‍ വിദ്യാഭ്യാസം നേടിയില്ലെങ്കിലും നാലാപ്പാട്ട് നാരായണ മേനോന്‍റെ ഭാഗിനേയിയായി പിറന്ന ബാലാമണിയമ്മയ്ക്ക് ജന്മനാ കാവ്യസിദ്ധിയും വാസനാബലവും ഭാഷാ ശേഷിയും ജ-ന്മസിദ്ധമായിരുന്നു. ഗര്‍ഭശ്രീമതി എന്നു പ്രയോഗിക്കാമെങ്കില്‍ ,അത്തരമൊരു സിദ്ധിവിശേഷത്തോടെയാണ് ബാലാമണിയമ്മ ജനിച്ചത്.

FILEFILE
1909 ജൂലൈ 19ന് തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്തുള്ള പുന്നയൂര്‍ക്കുളത്ത് നാലാപ്പാട്ട് തറവാട്ടിലായിരുന്നു ജനനം. കര്‍ക്കിടകത്തിലെ ആയില്യവും ജൂലൈ 19 എന്ന ജന്മദിനവും ഒന്നിച്ചു ചേരുമ്പോള്‍ കവിതയെ സ്നേഹിക്കുന്നവര്‍ക്ക് സ്വന്തം അമ്മയുടെ പിറന്നാള്‍ ദിനമാണിത്.

സംസ് കൃതവും ഇംഗ്ളീഷും വീട്ടിലിരുന്ന് അഭ്യസിച്ചിരുന്നു. ചെറു പ്രായത്തില്‍ തന്നെ-19-ാം വയസ്സില്‍- വി.എം നായരുടെ സഹധര്‍മ്മിണിയായി അദ്ദേഹം അന്നു ജോലി ചെയ്തിരുന്ന കൊല്‍ക്കത്തയിലേക്ക് പോയി.

അവിടെ ഗാര്‍ഹിക ജീവിതത്തിനിടയില്‍ കിട്ടിയ ഏകാന്തതയും ഒഴിവു സമയങ്ങളും ആണ് ബാലാമണിയമ്മയിലെ കവയത്രിയെ പുറത്തു കൊണ്ടുവന്നത്. ഭര്‍ത്താവ് വി.എം. നായര്‍ അത് കാര്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.


ബാലാമണിയമ്മയുടെ പ്രശസ്തമായ കവിതകളെല്ലാം പിറന്നത് കൊല്‍ക്കത്തയുടെ മണ്ണിലാണ്.ധര്‍മ്മമാര്‍ഗം എന്ന ആദ്യ കവിതാസമാഹാരം 1938ല്‍ പുറത്തിറങ്ങി. സ്ത്രീ ഹൃദയം, കളിക്കൊട്ട, പ്രഭാങ്കുരം, പ്രണാമം, മുത്തശ്ശി, മഴുവിന്‍റെ കഥ തുടങ്ങിയവയാണ് ബാലാമണിയമ്മയുടെ പ്രശസ്ത കൃതികള്‍.

പ്രമുഖ കഥാകൃത്തും കവയത്രിയുമായ കമലാ സുരയ്യാ എന്ന മാധവിക്കുട്ടി, അന്തരിച്ച ഡോക്ടര്‍ നാലാപ്പാട്ട് മോഹന്‍ദാസ്, ഡോ.ശ്യാം സുന്ദരന്‍ നായര്‍, ടാറ്റാ ടീയിലെ ഡെ.ജനറല്‍ മാനേജരായി വിരമിച്ച സി.കെ.ഉണ്ണികൃഷ്ണന്‍ നായരുടെ ഭാര്യയും എഴുത്തുകാരിയുമായ ഡോ.സുലോചന എന്നിവര്‍ മക്കളാണ്.

അനുഭൂതികള്‍ ഓര്‍മ്മയുടെ ചൂടില്‍ തിളച്ചു കുറുകി ഉണ്ടാവുന്ന മധുരസത്തയായി അവര്‍ സ്വന്തം കവിതയെ വിലയിരുത്തുന്നു.

1995 ല്‍ സരസ്വതീ സമ്മാനം. അതേ വര്‍ഷം എഴുത്തച്ഛന്‍ പുരസ്കാരം, എന്‍.വി.കൃഷ്ണ വാര്യര്‍ പരസ്കാരം എന്നിവ ബാലാമണിയമ്മയെ തേടിയെത്തി.മുത്തശ്ശി എന്ന കവിതയ്ക്ക് കേരള (1963), കേന്ദ്ര (1965) സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു.1992 ലെ ലളിതാംബികാ അന്തര്‍ജന അവാര്‍ഡും അവര്‍ക്കായിരുന്നു.

FILEFILE
പ്രധാനകൃതികള്‍: അമ്മ, കുടുംബിനി, കൂപ്പുകൈ, സ്ത്രീ ഹൃ ദയം, പ്രഭാംഗുരം, കളിക്കൊട്ട, വെളിച്ചത്തില്‍, സോപാനം, നൈവേദ്യം, മഴുവിന്‍റെ കഥ, അമ്പലത്തില്‍, ഭാവനയില്‍.

തൊട്ടിലാട്ടും ജനനിയെ പെട്ടന്ന്
തട്ടി നീക്കി രണ്ടോമനക്കൈകള്‍
കാട്ടുകെന്നുടെ കൊച്ചനുജത്തിയെ ....

തുടങ്ങിയ വരികള്‍ കേരളത്തിലെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും എത്രയോ കാലങ്ങളായി പ്രിയതരമാണ്.

ഈ ഭൂമിയില്‍ നിന്ന് ഉയര്‍ന്ന് മറ്റൊരു ലോകത്തേക്ക് പോകവേ ബാലാമണിയമ്മ

''നീലവാനിനു താഴെ പച്ചനാക്കില വെച്ച
പോലെ മിന്നുമെന്‍ നാട്ടിലെയ് ക്കു ഞാന്‍ കണ്ണോടിയ് ക്കെ,
കണ്ണീരും കടുംനോവും പകയും വീറും പോരു
മാണ് കാണുക.(മഴുവിന്‍റെ കഥ)

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ബാലാമണിയമ്മയെ തേടിയെത്തി.

2004 സപ്റ്റംബര്‍ 29 ന് ബാലാമണിയമ്മ അന്തരിച്ചു. 95 വയസായിരുന്നു. അതിന് മുമ്പ് അവര്‍ രോഗശയ്യയിലായിരുന്നു. ഏഴു വര്‍ഷം മുമ്പാണ് വാര്‍ധക്യത്തിന്‍റെ അവശതകള്‍ ബാലാമണിയമ്മയെ കീഴടക്കിയത്. അടുപ്പമുള്ളവരെപ്പോലും പലപ്പോഴും തിരിച്ചറിയാറില്ല.

എങ്കിലും സ്വന്തം കവിതകള്‍ എന്നും ഓര്‍മ്മയില്‍ നിന്നു. ഓര്‍മ്മയില്‍ നിന്ന് പതിയെ കവിതയും മാഞ്ഞു തുടങ്ങിയപ്പോഴാണ് സന്ദര്‍ശകര്‍ക്ക് മക്കള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

മലയാള കവിതയുടെ മുത്തശ്ശിയായ ബാലാമണിയമ്മ ് എളമക്കര കീര്‍ത്തി നഗറില്‍ മകള്‍ ഡോ. സുലോചനയുടെ വസതിയില്‍ വച്ചാണ് മരിച്ചത്.

മാതൃത്വത്തിന്‍റെ കവയിത്രിയ്ക്ക് മകളുടെ അക്ഷരപ്രണാമം. അമ്മിഞ്ഞപ്പാലിന്‍റെ മധുരത്തോടൊപ്പം എഴുത്തിന്‍റെ കരുത്തും പകര്‍ന്നു നല്‍കിയ അമ്മയുടെ ജീവിതപ്പാതയിലൂടെ ഒരു മകള്‍ നടത്തുന്ന തീര്‍ത്ഥയാത്രയാണ് "പേനയാല്‍ തുഴഞ്ഞ ദൂരങ്ങള്‍'.

നാലപ്പാട്ട് ബാലാമണിയമ്മയുടെ രചനാലോകത്തെക്കുറിച്ചും സാഹിത്യേതര ജീവിതത്തെപ്പറ്റിയും ദര്‍ശനങ്ങളെപ്പറ്റിയും ഉള്ള അനുഭവക്കുറിപ്പുകളിലൂടെ അമ്മ എന്തായിരുന്നു തങ്ങള്‍ക്കെന്നും മകള്‍ നാലപ്പാട്ട് സുലോചന തിരിച്ചറിയുന്നതാണ് ഈ കൃതി.