കവിസാര്‍വഭൌമനായ വള്ളത്തോള്‍

WDWD
മലയാളത്തിലെ ബഹുമുഖ പ്രതിഭകളില്‍ ഒരാളായിരുന്ന മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍ 2008 മാര്‍ച്ച് 13 ന് അര നൂറ്റാണ്ട് തികഞ്ഞു.

മഹാകവി എന്ന നിലയില്‍ മാത്രമല്ല വള്ളത്തോളിന്‍റെ സ്ഥാനം. കഥകളിയേയും മോഹിനിയാട്ടത്തേയും പുനരുജ്ജീവിപ്പിച്ച ആള്‍, കേരള കലാമണ്ഡലമെന്ന സാംസ്കാരിക കേന്ദ്രത്തിന്‍റെ സ്ഥാപകന്‍, പത്രാധിപര്‍ തുടങ്ങി ഒട്ടേറെ നിലകളില്‍ ഉന്നത ശീര്‍ഷനാണ് വള്ളത്തോള്‍.

വള്ളത്തോളിന്‍റെ കുടുംബം തിരൂരിലാണെങ്കിലും വള്ളത്തോളിന്‍റെ ജീവിതം പ്രധാനമായും ചെറുതുരുത്തിയിലും തൃശൂരും കൊടുങ്ങല്ലൂരും ഒക്കെയായിരുന്നു.

വള്ളത്തോള്‍ ശബ്ദസുന്ദരന്‍ എന്നാണ് പറയാറ്. ആ കവിതകളിലെ ശബ്ദങ്ങളുടെ പ്രയോഗവും ആവിഷ്കാരത്തിലെ സൌന്ദര്യവുമാണ് നമ്മളെ ആകര്‍ഷിക്കുക. മറ്റൊന്ന് വാങ്‌മയ ചിത്രങ്ങള്‍ തീര്‍ക്കുന്നതിലുള്ള വള്ളത്തോളിന്‍റെ ചാതുര്യമാണ്. ശിഷ്യനും മകനും എന്ന കവിതയില്‍

ഉടന്‍ മഹാദേവി ഇടത്തു കൈയാല്‍
അഴിഞ്ഞ വാര്‍കൂന്തലമൊന്നൊതുക്കി
ജ്വലിച്ച കണ്‍‌കൊണ്ടൊരു നോക്കുനോക്കി
പാര്‍ശ്വസ്ഥനാകും പതിയോടുരച്ചു
കിട്ടീലയോ ദക്ഷിണ വേണ്ടുവോളം......

എന്നിങ്ങനെയുള്ള വരികളില്‍ ഗണ്‍പതിയുടെ കൊമ്പുമുറിച്ച പരശുരാമന്‍റെ ഔധത്യത്തെ കുറിച്ച് പരമശിവനോട് പരാതി പറയുന്ന പാര്‍വതിയുടെ ചിത്രം നോക്കുക. ജ്വലിച്ച കണ്‍‌കൊണ്ടുള്ള നോക്കല്‍ നമുക്ക് അനുഭവപ്പെടുന്നതു പോലെ തോന്നും.

WDWD
അതുകൊണ്ടാണ് വള്ളത്തോള്‍ കവിതകള്‍ നമ്മള്‍ കേള്‍ക്കുകയല്ല കാണുകയാണ് എന്ന് പറയാറുള്ളത്.

കൊടുങ്ങല്ലൂര്‍ കളരിയില്‍ ബാല്യത്തില്‍ ചെന്ന് പെട്ടതുകൊണ്ട് ലഭിച്ച സിദ്ധിയാവാം ഇതെന്ന് ചില നിരൂപകര്‍ വിലയിരുത്തുന്നു. ഭാവദീപ്തമായ രൂപരേഖകള്‍ മാത്രമായിരുന്നില്ല വള്ളത്തോളിന്‍റെ വര്‍ണ്ണനകള്‍. അവ സൌന്ദര്യാത്മകവും കാല്‍പ്പനികവും ആയിരുന്നു.

ശില്‍പ്പചാരുതയാണ് വള്ളത്തോള്‍ കവിതയുടെ മറ്റൊരു സവിശേഷതയായി മുണ്ടശേരി അടക്കമുള്ള നിരൂപകര്‍ എടുത്തുപറയുന്ന കാര്യം. കാവ്യ രചനയില്‍ കുലീനതയും നര്‍മ്മബോധവും സ്വാതന്ത്ര്യ അഭിവാഞ്ചയും പുലര്‍ത്തുന്ന വള്ളത്തോള്‍ ചിലപ്പോഴെങ്കിലും വെണ്‍‌മണി നമ്പൂതിരിമാരെ വെല്ലുന്ന ശൃംഗാര ലോലുപത കാണിച്ചിട്ടുണ്ട്.

മലയാള ഭാഷയോടുള്ള ആഭിമുഖ്യമായിരുന്നു വള്ളത്തോള്‍ കവിതകളുടെ അന്തര്‍ധാര. ഭാഷയെ പ്രണയിക്കുക, അങ്ങനെ നാടിനെ സ്നേഹിക്കുക, രാജ്യത്തിന്‍റെ പേരില്‍ ഊറ്റം കൊള്ളുക എന്ന സന്ദേശം വള്ളത്തോളിന്‍റെ പല കവിതകളിലും തുടിച്ചു നില്‍ക്കുന്നു. മാതൃഭാഷയെ പെറ്റമ്മയായും മറ്റ് ഭാഷകളെ കേവലം ധാത്രിമാരായും അദ്ദേഹം കാണുന്നു.

ഭാരതമെന്ന പേരുകേട്ടലഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍ എന്നു വരെ അദ്ദേഹം പറഞ്ഞുവച്ചു. കേരളത്തിന്‍റെ പ്രകൃതിയെപ്പോലും അദ്ദേഹം സ്നേഹിച്ചു. പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവച്ചും സ്വച്ഛാബ്ദി മണല്‍‌തിട്ടാം പാദോപദാനം പൂണ്ടുമുള്ള കേരളത്തെയാണ് കവി കാണുന്നത്.


WDWD
സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാല്‍ ഭയാനകം എന്ന കടുത്ത സ്വാതന്ത്ര്യ വാഞ്ച അദ്ദേഹം കാണിക്കുന്നു. മഗ്ദലന മറിയം എന്ന കവിതയില്‍ ക്രൈസ്തവ പ്രമേയത്തെ കൃതഹസ്തതയോടെ വള്ളത്തോള്‍ കൈകാര്യം ചെയ്തതായി കാണാം.

പൊയ്ക്കൊള്‍ക പെണ്‍‌കുഞ്ഞേ നീയുള്‍ക്കൊണ്ട
വിശ്വാസം കാത്തു നിന്നെ .... എന്നു തുടങ്ങുന്ന വരികളില്‍ ഇത് നമുക്ക് കാണാനാവും.

നിയോ ക്ലാസിക്, കാല്‍പ്പനികം എന്നിങ്ങാനെ രണ്ട് ഘട്ടങ്ങളിലായാണ് വള്ളത്തോളിന്‍റെ വൈവിധ്യപൂര്‍ണ്ണമായ കാവ്യ ജീവിതം പരന്നു കിടക്കുന്നത്. 1910 ല്‍ എഴുതിയ ബധിരവിലാപത്തോടെയാണ് കാല്‍പ്പനിക ഘട്ടം തുടങ്ങുന്നത്. വള്ളത്തോളിന്‍റെ മികച്ച കവിതകളെല്ലാം ഈ കാലഘട്ടത്തിലാണ് ഉണ്ടായതെന്ന് കാണാം.

മല്ലിശ്ശേരി ദാമോദരന്‍ എളയതിന്‍റെയും പാര്‍വതി എന്ന കുട്ടിപ്പാറു അമ്മയുടെയും മകനായി 1878 ഒക്‍ടോബര്‍ പതിനാറാം തീയതിയാണ് വള്ളത്തോള്‍ ജനിച്ചത്. പാരമ്പര്യ രീതിയില്‍ ആയുര്‍വേദവും സംസ്കൃതവുമാണ് ആദ്യം പഠിച്ചത് - ഗുരുകുലരീതിയില്‍.

കേരളോദയം (1915), ആത്മപോഷിണി (1916) എന്നീ മാസികകളുടെ പത്രാധിപത്വം വഹിച്ചിട്ടുണ്ട്. വൈക്കം സത്യാഗ്രഹം നടത്തുമ്പോള്‍ ഗാന്ധിജിയെ ചെന്നുകണ്ട വള്ളത്തോള്‍ പിന്നീട് അദ്ദേഹത്തിന്‍റെ ആരാധകനും ശിഷ്യനുമായി മാറി. 1922 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ പട്ടും വളയും അദ്ദേഹം നിരസിച്ചു.

1927 ല്‍ കോണ്‍ഗ്രസിന്‍റെ ചെന്നൈ സമ്മേളനത്തില്‍ പങ്കെടുത്തു. കഥകളി സംഘങ്ങളുമായി വിദേശ പര്യടനം നടത്തി. പഴയ മദ്രാസ് സര്‍ക്കാരിന്‍റെ ആസ്ഥാന കവി സ്ഥാനം 1946 ല്‍ അദ്ദേഹത്തിനു ലഭിച്ചു. 1955 ല്‍ പത്മവിഭൂഷണ്‍ ലഭിച്ചു. 1956 ല്‍ കേരള സാഹിത്യ അക്കാഡമിയുടെ ആദ്യത്തെ ഉപാധ്യക്ഷനായി.

അദ്ദേഹത്തിന്‍റെ ആദ്യകാല രചനകളില്‍ പെട്ടതാണ് വ്യാസാവതാരം, മണിപ്രവാളം, കിരാത ചരിതം, സല്ലാപപുരം, ആരോഗ്യ ചിന്താമണി, ഗര്‍ഭരക്ഷാക്രമം, ചന്ദ്രികാ സ്വയംവരം കൈകൊട്ടിക്കളിപ്പാട്ട് എന്നിവ.