ഏഷ്യാക്കാരുടെ കഥപറഞ്ഞ പേള്‍എസ്ബക്ക്

PROPRO
വിശ്രുത അമേരിക്കന്‍ നോവലിസ്റ്റ് പേള്‍ എസ്ബക്ക് - സാഹിത്യത്തിന് നോബല്‍ സമ്മാനം നേടിയ ആദ്യത്തെ അമേരിക്കന്‍ എഴുത്തുകാരി - മാര്‍ച്ച് ആറ് അവരുടെ ഓര്‍മ്മദിനമാണ്. 1973 മാര്‍ച്ച് ആറിന് ഡാന്‍ബിയിലായിരുന്നു അന്ത്യം.

നല്ലഭൂമി - (ദി ഗുഡ് എര്‍ത്ത്) എന്ന കൃതിക്ക് അവര്‍ക്ക് ആദ്യം പുലിസ്റ്റര്‍ സമ്മാനം ലഭിച്ചു. നല്ല ഭൂമി ഉള്‍പ്പെടുന്ന പുസ്തകത്രയത്തിന് 1938ല്‍ നോബല്‍ സമ്മാനവും ലഭിച്ചു. കഥകളിലെ ഏഷ്യന്‍ പശ്ഛാത്തലമാണ് അവരെ ഏഷ്യയിലും ഇന്ത്യയിലും പ്രിയങ്കരിയാക്കിയത്.

ഏഷ്യാക്കാര്‍, കുടിയേറ്റം, സ്ത്രീകളുടെ പ്രശ്നങ്ങള്‍, വൈകാരികത, ദത്തെടുക്കല്‍, കൃഷി തുടങ്ങിയവയാണ് പേള്‍ എസ്ബക്കിന്‍റെ കൃതികളിലെ പ്രധാന പ്രമേയം.

അമേരിക്കയില്‍ ജനിക്കുകയും കുറച്ചുകാലം ജീവിക്കുകയും മരിക്കുകയും ചെയ്ത അവരുടെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം ചീനയിലായിരുന്നു. ചീനയിലും അമേരിക്കയിലുമായി ഒട്ടേറെ കുട്ടികളെ അവര്‍ ദത്തെടുത്തു. അമേരിക്കയില്‍ 1949ല്‍ വെല്‍ക്കം ഹൗസ് എന്നൊരു ദത്തെടുക്കല്‍ കേന്ദ്രം തുടങ്ങുകയും ചെയ്തു. മിശ്രവര്‍ഗ്ഗക്കാരെ -അമരേഷ്യന്‍ കുട്ടികളെ പുനരധിവസിപ്പിക്കാനായിരുന്നു ഇത്.

പേള്‍ എസ്ബക്ക് നൂറിലേറെ കൃതികള്‍ രചിച്ചു. കഥ, നോവല്‍, കുട്ടികളുടെ കഥകള്‍ എന്നിങ്ങനെ. മാനവവംശത്തിന്‍റെ ആഗോളിമ - അത് അംഗീകരിക്കുകയാണ് നിലനില്പിന് ഏറ്റവും ആവശ്യമെന്നായിരുന്നു അവരുടെ കൃതികളുടെ വിശാല സന്ദേശം.

1892 ജൂണ്‍ 26ന് പടിഞ്ഞാറന്‍ വെര്‍ജിനിയയിലെ ഹില്‍സ് ബഗോയില്‍ മിഷണറി പ്രവര്‍ത്തകരായ കാരിയുടെയും അബ്സലോം സിന്‍സന്‍ സ്ട്രിക്കറുടെയും മകളായാണ് പേള്‍ ജനിച്ചത്. പേള്‍ കംഫര്‍ട്ട് സിന്‍സാന്‍ സ്ട്രിക്കര്‍ എന്നായിരുന്നു ആദ്യത്തെ പേര്.

മൂന്നു മാസം പ്രായമുളളപ്പോള്‍ പേള്‍ ചീനയിലെ ബെന്‍ജിയാംഗില്‍ മാതാപിതാക്കളോടൊപ്പമെത്തി. പഠിച്ചതും വളര്‍ന്നതും അവിടെ. 1910 ല്‍ അമേരിക്കയിലേക്ക് പോയി കോളജ് പഠനം പൂര്‍ത്തിയാക്കി. 1914ല്‍ തിരിച്ചു വന്ന് ചീനയിലെ കോളജ് അധ്യാപികയായി.

1917ല്‍ കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍ ലോസിങ് ബക്കിനെ വിവാഹം ചെയ്തു. അവര്‍ക്കൊരു മകളുണ്ടായി. പിന്നെ എട്ട് കുട്ടികളെ ദത്തെടുത്തു. 1926ല്‍ അമേരിക്കയില്‍ പോയി സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടി.

1930ല്‍ ഈസ്റ്റ് വിന്‍ഡ്, വെസ്റ്റ് വിന്‍ഡ് എന്ന കൃതിയിലൂടെയാണ് പേള്‍ സാഹിത്യ രചന തുടങ്ങുന്നത്. ചീനയിലെ ഷിങ്ലൂങ് എന്ന കര്‍ഷകന്‍റെ കഥ പറയുന്നതാണ് ദി ഗുഡ് എര്‍ത്ത്.

1935ല്‍ പോള്‍ അമേരിക്കയിലേക്ക് താമസം മാറ്റി. ബക്കുമായി വിവാഹമോചനം നടത്തി. ജോണ്‍ ഡേ പ്രസിദ്ധീകരണ കമ്പനി ഉടമ റിച്ചാര്‍ഡ് വില്‍ഷിനെ വിവാഹം ചെയ്തു. വീണ്ടും കുട്ടികളെ ദത്തെടുത്തു. ദി എക്സെല്‍, ദി ഫൈറ്റിംഗ് ഏഞ്ചല്‍ എന്നീ കൃതികള്‍ മാതാപിതാക്കളുടെ ജീവചരിത്രപരമായ നോവലുകളാണ്.

വെബ്ദുനിയ വായിക്കുക